National
ഭോപ്പാൽ: മധ്യപ്രദേശിൽ കർഷകർ നടത്തിവന്ന സമരം പിൻവലിച്ചു. കർഷകരുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതിനെത്തുടർന്നാണു സമരം അവസാനിപ്പിച്ചത്. അർഹരായ കർഷകരിൽനിന്ന് പയർ വർഗങ്ങളുടെ സംഭരണം നിലവിലുണ്ടായിരുന്ന 25 ശതമാനത്തിൽനിന്ന് 60 ശതമാനമായി ഉയർത്താനും, വളം വിതരണത്തിനായുള്ള ഇ-ടോക്കണ് സന്പ്രദായം താത്കാലികമായി നിർത്തിവയ്ക്കാനും സർക്കാർ തീരുമാനിച്ചതിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
സർക്കാർ പ്രതിനിധികളും കർഷക നേതാക്കളും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായത്. കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ വസതിക്കു മുന്നിൽ പ്രതിഷേധിക്കുകയും മുഖ്യമന്ത്രി മോഹൻ യാദവിന്റെ വസതിയിലേക്കു മാർച്ച് നടത്തുകയും ചെയ്തതിനു പിന്നാലെയാണു സർക്കാർ അനുരഞ്ജന നീക്കത്തിനു തയാറായത്.
നർമദാപുരം, സീഹോർ, ഹർദ തുടങ്ങിയ ജില്ലകളിലെ കർഷകർക്ക് ഈ ആനുകൂല്യം ഉടൻ ലഭിക്കും.
പയർ വിളകളുടെ സംഭരണത്തിനുള്ള അവസാന തീയതി ഓഗസ്റ്റ് 10ൽനിന്ന് 20 ആയും, സ്ലോട്ട് ബുക്കിംഗ് തീയതി ജൂലൈ 30ൽനിന്ന് ഓഗസ്റ്റ് 10ആയും നീട്ടിയിട്ടുണ്ട്. വളം വിതരണത്തിലെ ഇ-ടോക്കണ് സന്പ്രദായത്തെക്കുറിച്ചുള്ള പരാതികൾ പരിശോധിക്കാൻ സമിതിയെ നിയോഗിക്കാനും സമിതിയുടെ റിപ്പോർട്ട് വരുന്നതുവരെ ഈ സന്പ്രദായം താത്കലികമായി നിർത്തിവയ്ക്കാനും തീരുമാനിച്ചു.
സമരത്തിൽ പങ്കെടുത്ത മുഴുവൻ കർഷക സംഘടനകളും സർക്കാരിന്റെ തീരുമാനം അംഗീകരിച്ചതിനെത്തുടർന്ന് പ്രക്ഷോഭകർക്കു സുരക്ഷിതമായി വീടുകളിലേക്കു മടങ്ങിപ്പോകാൻ ബസ് സൗകര്യവും ഭരണകൂടം ഏർപ്പെടുത്തി.
National
ഭോപ്പാൽ: മധ്യപ്രദേശ് മന്ത്രിസഭയിൽ അപ്രതീക്ഷിത അഴിച്ചുപണി. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ലഖൻ പട്ടേലിനെ ആ വകുപ്പിൽ നിന്ന് നീക്കി 'ഹാപ്പിനസ്' (ആനന്ദ്) വകുപ്പിലേക്ക് മാറ്റി. ചൊവ്വാഴ്ച വൈകിട്ടാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. മൃഗസംരക്ഷണ വകുപ്പിന്റെ അധികച്ചുമതല മുഖ്യമന്ത്രി മോഹൻ യാദവ് നേരിട്ട് ഏറ്റെടുത്തു.
മന്ത്രിമാരുടെ പ്രവർത്തനക്ഷമത വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി നടത്തിയ അവലോകന യോഗങ്ങൾക്ക് തൊട്ടുപിന്നാലെയാണ് ഈ നടപടി. കന്നുകാലി സംരക്ഷണ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിലെ വീഴ്ചയാണ് മന്ത്രി ലഖൻ പട്ടേലിന് തിരിച്ചടിയായതെന്നാണ് സൂചന. ഈ നീക്കത്തോടെ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കൂടുതൽ മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമെന്ന അഭ്യൂഹവും ശക്തമായിട്ടുണ്ട്.
National
ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്റെ കുടുംബാംഗങ്ങളും അവരുടെ നിയന്ത്രണത്തിലുള്ള റിയൽ എസ്റ്റേറ്റ് കമ്പനികളും ഉജ്ജയിനിൽ നടത്തിയ വൻതോതിലുള്ള ഭൂമി ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ രാഷ്ട്രീയ വിവാദം പുകയുന്നു. വിഷയത്തിൽ കോൺഗ്രസ് ശക്തമായ വിമർശനവുമായി രംഗത്തെത്തിയതോടെ, ആരോപണങ്ങൾ അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് വ്യക്തമാക്കി ബിജെപി പ്രതിരോധത്തിലായി.
മുഖ്യമന്ത്രി മോഹൻ യാദവ് മന്ത്രിയായിരുന്ന 2021-2023 കാലഘട്ടത്തിലും, അദ്ദേഹം മുഖ്യമന്ത്രിയായ ശേഷം 2024-2025 കാലയളവിലും യാദവ് കുടുംബത്തിന്റെ ഭൂമി കൈവശം വെയ്ക്കൽ ഇരട്ടിയായതായി ദേശീയ മാധ്യമം നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. 2023 ഡിസംബർ മുതൽ രണ്ടു വർഷത്തിനിടെ 45 കോടി രൂപ മുടക്കി 168 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന കുറഞ്ഞത് 137 പ്ലോട്ടുകളാണ് ഇവർ സ്വന്തമാക്കിയത്. സർക്കാർ പുതിയ റോഡ് പദ്ധതികളും ഭൂവിനിയോഗ മാറ്റങ്ങളും പ്രഖ്യാപിച്ച മേഖലകളിലാണ് ഈ ഭൂമി ഇടപാടുകളിൽ ഭൂരിഭാഗവും നടന്നിരിക്കുന്നത്. ഉജ്ജയിനിൽ കാർഷിക ഭൂമിയിൽ നിന്നും റസിഡൻഷ്യൽ ആവശ്യങ്ങൾക്കായി മാറ്റിയ ഏതാണ്ട് എല്ലാ മേഖലകളിലും മുഖ്യമന്ത്രിയുടെ കുടുംബത്തിന് ഭൂമിയുണ്ട്.
മുഖ്യമന്ത്രിയുടെ ഭാര്യ സീമ, മകൻ വൈഭവിന്റെ ഭാര്യ ശാലിനി യാദവ്, സഹോദരങ്ങളായ നന്ദലാൽ, നാരായൺ യാദവ് എന്നിവരടങ്ങുന്ന അടുത്ത ബന്ധുക്കളാണ് ഈ ഭൂമി നേരിട്ടോ കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള നാല് റിയൽ എസ്റ്റേറ്റ് കമ്പനികൾ വഴിയോ വാങ്ങിയത്. മോഹൻ യാദവിനും ഭാര്യ സീമയ്ക്കും യഥാക്രമം 47.3 ശതമാനവും 25.5 ശതമാനവും ഓഹരിയുള്ള 'ശ്രീ സിദ്ധിവിനായക് ദേവ്കോൺസ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനിയും വലിയ തോതിൽ ഭൂമി വാങ്ങിയിട്ടുണ്ട്.
റിപ്പോർട്ടിലെ ആരോപണങ്ങൾ കേവലം തെറ്റിദ്ധാരണ പരത്തുന്നവയാണെന്ന് ബിജെപി ഐടി സെൽ ദേശീയ കൺവീനർ അമിത് മാളവ്യ എക്സിലൂടെ പ്രതികരിച്ചു. മുഖ്യമന്ത്രിയായ ശേഷം രഹസ്യ വിവരങ്ങൾ മുൻകൂട്ടി അറിഞ്ഞ് യാദവോ കുടുംബമോ ആനുകൂല്യം നേടി എന്ന അനുമാനം തെറ്റാണെന്നും, മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം കുടുംബാംഗങ്ങളുടെ ഭൂമിയുടെ ഉടമസ്ഥാവകാശത്തിൽ യാതൊരു വർധനവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ന്യായീകരിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് ഹേമന്ത് ഖണ്ഡേൽവാളും മന്ത്രിമാരും ആരോപണങ്ങൾ തള്ളി രംഗത്തെത്തിയിട്ടുണ്ട്.
ബിജെപി നേതാക്കൾ ആരോപണങ്ങൾ തള്ളിക്കളയുമ്പോഴും, ഔദ്യോഗിക രേഖകൾ അമിത് മാളവ്യയുടെ അവകാശവാദങ്ങൾക്ക് വിരുദ്ധമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അന്വേഷണത്തിലെ പ്രധാന കണ്ടെത്തലുകളെക്കുറിച്ചും കൃത്യമായ ഭൂമി വാങ്ങലുകളെക്കുറിച്ചും പാർട്ടി നേതൃത്വം ഇതുവരെ വ്യക്തമായ മറുപടി നൽകാതെ മൗനം പാലിക്കുകയാണ്.
National
ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവും കുടുംബവും കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള റിയൽ എസ്റ്റേറ്റ് സ്ഥാപനവും ഉജ്ജയ്നിൽ 168 ഏക്കർ സ്ഥലം വാങ്ങിക്കൂട്ടിയെന്ന റിപ്പോർട്ട് വിവാദമുയർത്തുന്നു.
മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും വിഷയത്തിൽ സുപ്രീംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജിത്തു പട്വാരി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയായശേഷം മോഹൻ യാദവും കുടുംബവും വൻ തോതിൽ ഭൂമി വാങ്ങിക്കൂട്ടിയെന്ന് ഇന്ത്യൻ എക്സ്പ്രസ് ആണു റിപ്പോർട്ട് ചെയ്തത്. 2023 ഡിസംബറിനു ശേഷം യാദവിന്റെ കുടുംബം ഉജ്ജയ്നിൽ 45 കോടി രൂപ മുടക്കി 168 ഏക്കർ വരുന്ന 137 പ്ലോട്ടുകൾ വാങ്ങിയെന്നാണു റിപ്പോർട്ട്.
ഇവയിലേറെയും റോഡ് പദ്ധതികളുടെയും മറ്റു വികസന പദ്ധതികളുടെയും സമീപത്താണ്. മധ്യപ്രദേശ് സർക്കാർ ഉജ്ജയ്നിൽ വൻ വികസന പദ്ധതികൾ നടപ്പാക്കിവരികയാണ്. മുഖ്യമന്ത്രിയും കുടുംബവും വാങ്ങിക്കൂട്ടിയ ഭൂമി കോടികൾ വില മതിക്കുന്നതാണ്.
ഔദ്യോഗിക പദവി ഉപയോഗിച്ച് സർക്കാർ പദ്ധതികളെക്കുറിച്ച് മുൻകൂട്ടി ലഭിച്ച വിവരങ്ങൾ വ്യക്തിപരമായ നേട്ടങ്ങൾക്കായി മുഖ്യമന്ത്രി ഉപയോഗപ്പെടുത്തിയെന്നാണ് ആരോപണം.
മധ്യപ്രദേശിലെ ഭൂമി കുംഭകോണം എന്തുകൊണ്ടാണ് ഇഡിയും സിബിഐയും അന്വേഷിക്കാത്തതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ചോദിച്ചു.
മുഖ്യമന്ത്രിയുടെ ഭാര്യ സീമ യാദവ്, സഹോദരങ്ങൾ, മറ്റു ബന്ധുക്കൾ എന്നിവർ നേരിട്ടും റിയൽ എസ്റ്റേറ്റ് കന്പനികൾ വഴിയും ഇടപാടുകൾ നടത്തിയെന്നാണ് റിപ്പോർട്ട്.
മോഹൻ യാദവിന്റെ കുടുംബത്തിനുണ്ടായിരുന്ന 100 ഏക്കർ ഭൂമി എങ്ങനെയാണ് 335 ഏക്കറായി വർധിച്ചതെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ജിത്തു പട്വാരി ചോദിച്ചു. സംഭവത്തിൽ മുഖ്യമന്ത്രിയോ കുടുംബമോ പ്രതികരിച്ചിട്ടില്ല.
National
ഭോപ്പാൽ: മധ്യപ്രദേശ് സർക്കാർ വൻ വികസന പദ്ധതികൾ നടപ്പാക്കാൻ ഒരുങ്ങുന്ന ഉജ്ജയിനിൽ, മുഖ്യമന്ത്രി മോഹൻ യാദവും കുടുംബവും വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടിയെന്ന അന്വേഷണാത്മക റിപ്പോർട്ട് പുറത്ത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത്, സർക്കാർ വികസന പദ്ധതികളെക്കുറിച്ചുള്ള മുൻകൂർ വിവരങ്ങൾ ചോർത്തിയാണ് ഈ ഭൂമി ഇടപാടുകൾ നടത്തിയതെന്നാണ് പ്രധാന ആരോപണം. ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ട ഈ റിപ്പോർട്ട് ഇപ്പോൾ ദേശീയ തലത്തിൽ തന്നെ വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
റിപ്പോർട്ടുകൾ പ്രകാരം 2023 മുതൽ മുഖ്യമന്ത്രി മോഹൻ യാദവ്, അദ്ദേഹത്തിന്റെ ഭാര്യ, മകന്റെ ഭാര്യ, മറ്റ് അടുത്ത ബന്ധുക്കൾ എന്നിവരുടെ പേരുകളിലാണ് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന 168 ഏക്കറോളം ഭൂമി രജിസ്റ്റർ ചെയ്തിരിക്കുന്നത്. സർക്കാർ വരാനിരിക്കുന്ന വികസന പദ്ധതികൾക്കായി മാറ്റിവെച്ച ഭൂമിയും അതിനോട് ചേർന്നുള്ള പ്രദേശങ്ങളുമാണ് മുഖ്യമന്ത്രിയും കുടുംബവും സ്വാധീനം ഉപയോഗിച്ച് സ്വന്തമാക്കിയത്.
വാങ്ങിക്കൂട്ടിയ ഭൂമിയിൽ പലതും ഇതിനകം തന്നെ വൻകിട ഹൗസിംഗ് പ്രൊജക്ടുകളാക്കി മാറ്റി വലിയ ലാഭം കൊയ്യാനുള്ള നടപടികൾ മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുക്കൾ ആരംഭിച്ചതായും വിമർശനമുണ്ട്. വികസനത്തിന്റെ മറവിൽ നടന്ന ഈ വൻ ഭൂമി ഇടപാട് വിവരങ്ങൾ പുറത്തുവന്നതോടെ മധ്യപ്രദേശിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷവും ജനങ്ങളും പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്.
മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഗുരുതരമായ ഈ അഴിമതി ആരോപണങ്ങളോട് മുഖ്യമന്ത്രി മോഹൻ യാദവോ അദ്ദേഹത്തിന്റെ കുടുംബമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Kerala
കൊച്ചി: കേരളത്തില് വിവാഹിതയായ കുംഭമേള വൈറല് താരത്തെ തേടി മധ്യപ്രദേശ് പോലീസ് വീണ്ടുമെത്തി. വെള്ളിയാഴ്ച വൈകുന്നേരമാണ് പോലീസ് സംഘം ഏലൂര് പോലീസ് സ്റ്റേഷനിലെത്തിയത്. രണ്ടു പോലീസ് ഉദ്യോഗസ്ഥര് സ്റ്റേഷനിലെത്തിയെന്നും പെണ്കുട്ടിയെ കണ്ടെത്താന് കഴിയാതെവന്നതോടെ തിരിച്ചുപോയെന്നും ഏലൂര് പോലീസ് എസ്എച്ച്ഒ പറഞ്ഞു.
കുടുംബത്തിന്റെ എതിര്പ്പ് അവഗണിച്ചു കേരളത്തില് വച്ചായിരുന്നു ഇവരുടെ വിവാഹം. പെണ്കുട്ടിക്ക് പ്രായപൂര്ത്തിയായിട്ടില്ലെന്നു കാണിച്ച് അച്ഛൻ നല്കിയ പരാതിയുടെ അടിസ്ഥാനത്തില് മധ്യപ്രദേശ് പോലീസ് ഭര്ത്താവിന്റെ പേരില് പോക്സോ കേസ് രജിസ്റ്റര് ചെയ്തിട്ടുണ്ട്. വിഷയത്തില് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് യുവതി മുഖ്യമന്ത്രിക്കും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്ക്കും പരാതി നല്കിയിരുന്നു.
സ്വന്തം ഇഷ്ടപ്രകാരമാണു കേരളത്തില് താമസിക്കാന് തീരുമാനിച്ചതെന്നും പ്രായപൂര്ത്തിയായ വ്യക്തിയെന്നനിലയില് പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം തനിക്കുണ്ടെന്നും മുമ്പ് നല്കിയ പരാതിയില് പറയുന്നു. യുവതി ഹൈക്കോടതിയെയും സമീപിച്ചിരുന്നു. പെണ്കുട്ടിക്ക് പ്രായപൂര്ത്തിയായതായി പ്രഥമദൃഷ്ട്യാ വ്യക്തമാകുന്നുണ്ടെന്ന് ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് ഈ മാസമാദ്യം നിരീക്ഷിച്ചിരുന്നു. കൂടാതെ, തട്ടിക്കൊണ്ടുപോകല് കേസില് മുന്കൂര് ജാമ്യത്തിനായി മധ്യപ്രദേശ് കോടതിയെ സമീപിക്കുന്നതിനായി യുവതിയുടെ ഭര്ത്താവിന് ഒരു മാസത്തെ ട്രാന്സിറ്റ് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.
National
ഭോപ്പാൽ: പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ രണ്ട് ആൺകുട്ടികൾ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു.
സംഭവത്തിൽ ഗ്രാമവാസികളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പെൺകുട്ടികളെ ചിലർ മോട്ടോർസൈക്കിളിൽ തട്ടിക്കൊണ്ടുപോയെന്നും അവർ മടങ്ങിയെത്തിയില്ലെന്നും മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.
National
ന്യൂഡൽഹി: ബിജെപിയുടെ രാജ്യസഭാ സീറ്റ് ചോരിയിൽ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനും പങ്കാളിയാണെന്നാരോപിച്ച് മധ്യപ്രദേശിലെ കോണ്ഗ്രസ് എംഎൽഎമാർ രാഷ്ട്രപതിഭവനിലേക്കു നടത്തിയ മാർച്ചിൽ സംഘർഷം.
മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക തള്ളിയതിൽ പ്രതിഷേധിച്ചു നടത്തിയ മാർച്ച് പോലീസ് തടഞ്ഞതോടെയാണ് ഉന്തും തള്ളുമുണ്ടായത്. പ്രതിഷേധത്തെത്തുടർന്ന് കോണ്ഗ്രസ് മധ്യപ്രദേശ് സംസ്ഥാന അധ്യക്ഷൻ ജിത്തു പട്വാരി, പ്രതിപക്ഷനേതാവ് ഉമാംഗ് സിംഗർ, ആദിവാസി കോണ്ഗ്രസ് മേധാവി വിക്രാന്ത് ഭൂരിയ എന്നിവരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു.
പത്രിക തള്ളിയതു ചൂണ്ടിക്കാട്ടി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തണമെന്നാവശ്യപ്പെട്ടാണ് നേതാക്കൾ മാർച്ച് നടത്താൻ തീരുമാനിച്ചത്. എന്നാൽ കോണ്ഗ്രസ് ആസ്ഥാനത്തിന് പുറത്തുവച്ച് നേതാക്കളെ പോലീസ് തടഞ്ഞു. വൈകുന്നേരം തെരഞ്ഞെടുപ്പുകമ്മീഷൻ ആസ്ഥാനത്തിനുമുന്നിൽ മിന്നൽ പ്രതിഷേധവുമായി കോണ്ഗ്രസ് നേതാക്കൾ എത്തിയെങ്കിലും കസ്റ്റഡിയിലെടുത്തു.
National
ന്യൂഡൽഹി: മധ്യപ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് ബിജെപി സ്ഥാനാർഥികളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് സ്ഥാനാർഥി മീനാക്ഷി നടരാജന്റെ നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരെ പാർട്ടി സുപ്രീംകോടതിയിൽ നൽകിയ ഹർജി നാളെ പരിഗണിക്കാനിരിക്കെയാണ് ബിജെപിയുടെ അപ്രതീക്ഷിത മിന്നൽ നീക്കം.
വിജയിച്ച സ്ഥാനാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വരണാധികാരി കൈമാറി കഴിഞ്ഞു. തെലങ്കാനയിലെ ഒരു കോൺഗ്രസ് നേതാവിനെതിരായ ലൈംഗിക പീഡന പരാതിയിൽ മീനാക്ഷി നടരാജനെയും കക്ഷിയാക്കിയിരുന്നു. അന്ന് സംസ്ഥാനത്തിന്റെ ചുമതലയുണ്ടായിരുന്ന മീനാക്ഷി നടരാജൻ കുറ്റാരോപിതനായ നേതാവിനെതിരെ നടപടിയെടുത്തില്ല എന്നതായിരുന്നു പരാതി.
ഈ കേസിൽ കോടതി മീനാക്ഷി നടരാജന് നോട്ടീസ് അയച്ചിട്ടുണ്ടെങ്കിലും ഇതുവരെ കുറ്റം ചുമത്തിയിട്ടില്ലെന്നാണ് കോൺഗ്രസ് ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികയിൽ മീനാക്ഷി ഈ കേസിന്റെ വിവരങ്ങൾ രേഖപ്പെടുത്തിയിരുന്നില്ല. ഇതാണ് ബിജെപി ആയുധമാക്കിയത്.
പത്രികയിൽ വിവരങ്ങൾ മറച്ചുവെച്ചെന്ന് കാട്ടി ബിജെപി നൽകിയ പരാതിയിലാണ് മീനാക്ഷി നടരാജന്റെ പത്രിക തള്ളിയത്. ഇതിനെതിരെയാണ് കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്. ഹർജി വെള്ളിയാഴ്ച പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചിരുന്നു. കോടതി കേസ് പരിഗണിക്കുന്നത് വരെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കരുതെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.
അതിന് മുൻപേ ബിജെപി സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. പത്രിക തള്ളിയതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നൽകിയ നിവേദനത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ തീരുമാനമെടുത്തിട്ടുമില്ല.
National
മൊറേന: വിവാഹവാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മധ്യപ്രദേശിലെ മൊറേന ജില്ലയിൽ ഡെപ്യൂട്ടി കളക്ടർ അറസ്റ്റിലായി.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട മുതിർന്ന റവന്യൂ ഉദ്യോഗസ്ഥനായ പ്രതി ഫോണിലൂടെ നിരന്തരം ബന്ധപ്പെട്ട് വിവാഹവാഗ്ദാനം നൽകി കഴിഞ്ഞ ഒരു വർഷക്കാലമായി ലൈംഗിക ചൂഷണം ചെയ്തെന്നും ഇപ്പോൾ വിവാഹവാഗ്ദാനത്തിൽനിന്ന് പിന്മാറിയെന്നും ചൂണ്ടിക്കാട്ടി മൊറേന സ്വദേശിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കുമെന്ന് സിറ്റി പോലീസ് സൂപ്രണ്ട് ദീപാലി ചന്ദോറിയ അറിയിച്ചു.
2025 മാർച്ച് 30ന് പ്രതി യുവതിയെ കാറിൽ മൊറേനയിലെ ഒരു വിശ്രമകേന്ദ്രത്തിലെത്തിച്ചും സബൽഗഡിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റായി ജോലി ചെയ്യവെ ഔദ്യോഗിക വസതിയിൽ വച്ചും, പിന്നീട് ഗ്വാളിയറിലെ ഒരു ഫ്ലാറ്റിലെത്തിച്ചും പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു.
National
ഭോപ്പാൽ: മോഡലും നടിയുമായ ത്വീഷ ശർമ മരിച്ച കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറാൻ ശിപാർശ ചെയ്ത് മധ്യപ്രദേശ് സർക്കാർ. സംസ്ഥാന ആഭ്യന്തര വകുപ്പ് ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കുകയും കേന്ദ്ര സർക്കാരിന് കത്തയക്കുകയും ചെയ്തിട്ടുണ്ട്.
പോലീസ് അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ത്വീഷ ശർമയുടെ കുടുംബം രംഗത്തെത്തിയതിനെ തുടർന്നാണ് മധ്യപ്രദേശ് സർക്കാരിന്റെ ഈ അടിയന്തര നീക്കം. കേസ് സിബിഐ ഏറ്റെടുക്കുന്നതോടെ മരണത്തിലെ ദുരൂഹതകൾ പുറത്തുകൊണ്ടുവരാൻ സാധിക്കുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.
മേയ് 12-നാണ് ഭോപ്പാലിലെ കടാര ഹിൽസിലുള്ള ഭർതൃഗൃഹത്തിൽ ത്വീഷ ശർമയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് അഞ്ച് മാസങ്ങൾ മാത്രം പിന്നിടുമ്പോഴായിരുന്നു ഈ മരണം.
സ്ത്രീധന പീഡനത്തെത്തുടർന്ന് ത്വീഷയെ കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിക്കുമ്പോൾ, ഇത് ആത്മഹത്യയാണെന്നാണ് ഭർതൃവീട്ടുകാരുടെ വാദം. ഡൽഹി എയിംസിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെക്കൊണ്ട് മൃതദേഹം രണ്ടാമത് പോസ്റ്റ്മോർട്ടം നടത്താൻ മധ്യപ്രദേശ് ഹൈക്കോടതിയും ഉത്തരവിട്ടിട്ടുണ്ട്.
National
ഭോപ്പാൽ: മധ്യപ്രദേശിൽ പീഡനത്തിനിരയായ ഗവേഷക വിദ്യാർഥി ജീവൊടുക്കി. ദാതിയ സ്വദേശിയായ 25 കാരിയാണ് മരിച്ചത്.
സംഭവത്തിൽ യോഗേഷ് റാവത്ത്(25) എന്നയാളെ പോലീസ് പിടികൂടി. യുവതിയെ യോഗേഷ് ലൈംഗീകമായി പീഡിപ്പിക്കുകയും പീഡന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേതുടർന്നുണ്ടായ മാനസികസംഘർഷമാണ് ആത്മഹത്യയിലേക്ക് നയിച്ചത്.
ഗ്വാളിയോറിൽ താമസിച്ച് പിഎച്ച്ഡി പഠനം നടത്തിവരികയായിരുന്നു യുവതി. ഇവിടെ വച്ചാണ് തന്റെ ഒരു സുഹൃത്തിന്റെ സഹോദരനായ യോഗേഷ് റാവത്തുമായി ഇവർ സൗഹൃദത്തിലാകുന്നത്. തുടർന്ന് പ്രതി യുവതിയെ ഗ്വാളിയോറിലെ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
അവിടെ വച്ച് ലഹരിപദാർത്ഥം അടങ്ങിയ പാനീയം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം യുവതിയെ ബലാത്സംഗം ചെയ്തതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പ്രതി പീഡന ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.
തുടർന്ന് ഈ വീഡിയോകൾ കാട്ടി ഭീഷണിപ്പെടുത്തി യുവതിയെ ഇയാൾ വീണ്ടും ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയും രണ്ടാം തവണയും ക്രൂരമായി പീഡിപ്പിച്ചുവെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
പ്രതിയുടെ നിരന്തരമായ പീഡനത്തിലും ഭീഷണികളിലും മനംനൊന്ത് യുവതി മാർച്ച് 15ന് ഗ്വാളിയോറിലെ പടാവ് പോലീസ് സ്റ്റേഷനിൽ യോഗേഷ് റാവത്തിനെതിരെ പരാതി നൽകി. പരാതി നൽകിയതിന് തൊട്ടുപിന്നാലെ അവർ ദാതിയയിലുള്ള തന്റെ സ്വന്തം വീട്ടിലേക്ക് മടങ്ങുകയും, അവിടെ വച്ച് കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യുകയുമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.
യുവതി എഴുതിവച്ച ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. തന്റെ മരണത്തിന് കാരണം യോഗേഷ് റാവത്തും അയാളുടെ രണ്ട് സഹോദരിമാരുമാണെന്ന് യുവതി ഈ കത്തിൽ വ്യക്തമാക്കുന്നു.
ഇവർ മൂവരും ചേർന്ന് തനിക്കെതിരെ കടുത്ത മാനസിക പീഡനം നടത്തിയെന്നാണ് യുവതിയുടെ ആരോപണം. ഇവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ആത്മഹത്യാക്കുറിപ്പിലൂടെ യുവതി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
പരാതി രജിസ്റ്റർ ചെയ്തതിന് തൊട്ടുപിന്നാലെ പോലീസ് വ്യാപകമായ തെരച്ചിൽ ആരംഭിക്കുകയും അശോക് നഗറിൽ നിന്ന് പ്രതിയായ യോഗേഷ് റാവത്തിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
National
ഇൻഡോർ: മധ്യപ്രദേശിലെ ഭോജ്ശാല സമുച്ചയം ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി. ഭോജ്ശാലയിൽ മുസ്ലിംകൾക്ക് നമസ്കാരം അനുവദിച്ചത് ഹൈക്കോടതി റദ്ദാക്കി.
ക്ഷേത്രഭരണവും നടത്തിപ്പും കേന്ദ്ര സർക്കാരിനും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്കും(എഎസ്ഐ) തീരുമാനിക്കാമെന്ന് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ച് നിർദേശിച്ചു.
ജസ്റ്റീസ് വിജയ്കുമാർ ശുക്ല, ജസ്റ്റീസ് അലോക് അവസ്തി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണു വിധി പ്രസ്താവിച്ചത്.ധർ ജില്ലയിലാണ് ഭോജ്ശാല സമുച്ചയം സ്ഥിതി ചെയ്യുന്നത്.
വെള്ളിയാഴ്ചതോറും ഭോജ്ശാലയ്ക്കകത്ത് മുസ്ലിംകൾക്ക് നമസ്കാരം നടത്താൻ 2003 ഏപ്രിൽ ഏഴിനായിരുന്നു എഎസ്ഐ അനുമതി നല്കിയത്. പുതിയ മോസ്ക് നിർമാണത്തിനു സംസ്ഥാന സർക്കാരിനെ സമീപിക്കാമെന്നു കോടതി നിർദേശിച്ചു.
പ്രദേശത്ത് ഹിന്ദു ആരാധാനത്തുടർച്ച ഒരിക്കലും മുടങ്ങിയിട്ടില്ലെന്നു കോടതി നിരീക്ഷിച്ചു. ഭോജ്ശാലയിൽ സംസ്കൃത പഠന കേന്ദ്രവും സരസ്വതി ദേവീക്ഷേത്രവും ഉണ്ടായിരുന്നതിന്റെ ലക്ഷണമുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. മധ്യപ്രദേശ് ഹൈക്കോടതി വിധിയെ വിശ്വ ഹിന്ദു പരിഷത്ത് സ്വാഗതം ചെയ്തു.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലുള്ള, പതിനൊന്നാം നൂറ്റാണ്ടിലെ സ്മാരകമായ ഭോജ്ശാലയെ സരസ്വതീക്ഷേത്രമായാണ് ഹിന്ദുക്കൾ കരുതുന്നത്. മുസ്ലിംകൾ ഇതിനെ കമാൽ മൗല മോസ്കായി കണക്കാക്കുന്നു.
ഹിന്ദുക്കൾ ചൊവ്വാഴ്ചയാണു ഭോജ്ശാലയിൽ ആരാധന നടത്തിവരുന്നത്.ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ധർ ഷഹർ ഖാസി വഖർ സാദിഖ് പറഞ്ഞു.
കോടതിവിധിക്കു മുന്നോടിയായി ഭോജ്ശാലയിൽ 1200 പോലീസുകാരെ വിന്യസിച്ചിരുന്നു.സമൂഹമാധ്യമത്തിലൂടെ വിദ്വേഷം ജനിപ്പിക്കുന്ന കുറിപ്പ് പ്രചരിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നു ധർ ജില്ലാ കളക്ടർ രാജീവ് രഞ്ജൻ മീണ മുന്നറിയിപ്പ് നൽകി.
National
ഭോപ്പാൽ: ഇന്ധനം ലാഭിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർത്ഥനയ്ക്ക് തൊട്ടുപിന്നാലെ, കൂറ്റൻ വാഹനവ്യൂഹവുമായി ബിജെപി നേതാവിന്റെ യാത്ര. മധ്യപ്രദേശ് പാഠപുസ്തക കോർപ്പറേഷൻ ചെയർമാനായി ചുമതലയേൽക്കാൻ ഭോപ്പാലിലെത്തിയ സൗഭാഗ്യ സിംഗ് താക്കൂർ ആണ് 50-ഓളം കാറുകളുടെ അകമ്പടിയോടെ നഗരത്തെ സ്തംഭിപ്പിച്ചത്.
ഉജ്ജയിനിൽ നിന്ന് ഭോപ്പാലിലേക്കായിരുന്നു സൗഭാഗ്യ സിംഗിന്റെ യാത്ര. ഉദ്യോഗസ്ഥരും അനുയായികളും അടങ്ങുന്ന വൻ സംഘമാണ് വാഹനവ്യൂഹത്തിലുണ്ടായിരുന്നത്. പുതിയ പദവി ഏറ്റെടുക്കുന്ന ചടങ്ങിലേക്ക് ഇത്രയധികം വാഹനങ്ങൾ ഉപയോഗിച്ചത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
രാജ്യത്ത് ഇന്ധന ഉപയോഗം കുറയ്ക്കണമെന്നും പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗങ്ങൾ പ്രോത്സാഹിപ്പിക്കണമെന്നും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി അഭ്യർത്ഥിച്ചിരുന്നു. ഇതിന് തൊട്ടടുത്ത ദിവസം തന്നെ സ്വന്തം പാർട്ടിയിലെ നേതാവ് ഇത് ലംഘിച്ചത് പ്രതിപക്ഷം ആയുധമാക്കിയിട്ടുണ്ട്.
പൊതുജനങ്ങൾക്ക് മാതൃകയാകേണ്ട ഭരണഘടനാ പദവിയിലിരിക്കുന്നവർ ഇത്തരത്തിൽ ധൂർത്ത് നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും വിമർശനം ഉയർന്നു.
National
ഭോപ്പാൽ: ക്ഷേത്രത്തിലേക്ക് സംഭാവനയായി ആവശ്യപ്പെട്ട ഗോതമ്പിന്റെ അളവ് കുറഞ്ഞുപോയതിൽ ദളിത് കുടുംബത്തിന് ക്രൂരമർദനം. മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലെ മഹാരാജ്ഗഞ്ച് ഗ്രാമത്തിലാണ് സംഭവം.
ക്ഷേത്ര സംഭാവനയായി ഗോതമ്പ് ആവശ്യപ്പെട്ട് കുറച്ചാളുകൾ ഇവരുടെ വീട്ടിലെത്തി. എന്നാൽ ആവശ്യപ്പെട്ട അത്രെയും ഗോതമ്പ് നൽകാൻ സാധിക്കില്ലെന്ന് അറിയിച്ചതോടെ ഇവർ അക്രമാസക്തരാകുകയായിരുന്നു.
അക്രമികൾ കുടുംബാംഗങ്ങളെ ആക്ഷേപിക്കുകയും വീട്ടിൽ നിന്നും പുറത്തേക്ക് വലിച്ചിഴയ്ക്കുകയും വടി, ഇഷ്ടിക, കല്ല് എന്നിവ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. സംഭവത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെ കുടുംബത്തിലെ അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തങ്ങൾക്ക് നൽകാൻ കഴിയുന്നതിന്റെ പരമാവധി സംഭവാന നൽകിയെന്നും വീണ്ടും നൽകിയാൽ എന്റെ മക്കൾക്ക് ഞാൻ എന്ത് നൽകുമെന്ന് അവരോടു ചോദിച്ചുവെന്നും തുടർന്നാണ് മർദിച്ചതെന്നും പരിക്കേറ്റ ഗൃഹനാഥൻ പറഞ്ഞു.
ശ്യാം പട്ടേൽ, ഹർദയാൽ പട്ടേൽ, കൃപാൽ പട്ടേൽ, രാജാ ഭയ്യാ പട്ടേൽ, രാംസ്വരൂപ് പട്ടേൽ, ഭഗവത്ദയാൽ പട്ടേൽ തുടങ്ങിയവരാണ് തങ്ങളെ ആക്രമിച്ചതെന്നും വീട്ടിലുണ്ടായിരുന്ന ഗോതമ്പ് ഇവർ കടത്തിക്കൊണ്ടുപോയെന്നും വീട്ടുകാർ ആരോപിച്ചു.
അതേസമയം, സംഭവത്തിൽ ഉൾപ്പെട്ട നാല് പ്രതികളെ അറസ്റ്റ് ചെയ്തുവെന്നും ഇവർക്കെതിരെ എസ്സി/എസ്ടി ആക്ട് പ്രകാരം കേസെടുത്തുവെന്നും പോലീസ് അറിയിച്ചു.
National
ജബല്പുർ/ഭോപ്പാല്: മധ്യപ്രദേശിലെ ജബല്പുരില് ബാര്ഗി അണക്കെട്ടിൽ ക്രൂയിസ് ബോട്ട് മറിഞ്ഞ് മരിച്ച അഞ്ചുപേരുടെ മൃതദേഹങ്ങള്കൂടി കണ്ടെത്തി.
ഇതോടെ വെള്ളിയാഴ്ചയുണ്ടായ അപകടത്തില് മരിച്ചവരുടെ എണ്ണം ഒമ്പതായി. മധ്യപ്രദേശ് ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് അപകടത്തില്പ്പെട്ടത്. 28 വിനോദസഞ്ചാരികളെ നാട്ടുകാരും രക്ഷാപ്രവര്ത്തകരും ചേര്ന്ന് കരയ്ക്കെത്തിച്ചിരുന്നു.
സുരക്ഷാ മുന്കരുതലുകള് ഒന്നും പാലിക്കാതെയാണ് ബോട്ട് ഓടിച്ചതെന്ന് രക്ഷപ്പെട്ടവര് നടുക്കത്തോടെ പറയുന്നു. ലൈഫ് ജാക്കറ്റുകള്പോലും ആളുകള്ക്കു നല്കിയിരുന്നില്ല അവർ വ്യക്തമാക്കി.
കാണാതായവർക്കുവേണ്ടി കൂടുതല് ഭാഗങ്ങളിലേക്ക് തെരച്ചില് വ്യാപിപ്പിച്ചെന്ന് രക്ഷാദൗത്യത്തിനു നേതൃത്വം നല്കുന്ന ഉദ്യോഗസ്ഥര് പറഞ്ഞു.
National
ജബൽപുർ: മധ്യപ്രദേശിലെ ജബൽപുർ ജില്ലയിൽ ക്രൂയിസ് ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ രണ്ടു സ്ത്രീകളുൾപ്പെടെ ആറുപേർ മരിച്ചു. പത്തു പേരെ കാണാതായി. 15 പേരെ രക്ഷപ്പെടുത്തി.
നർമദ നദിയിലെ ബാർഗി അണക്കെട്ടിന്റെ ഭാഗമായ ഖമാരിയ ദ്വീപിൽ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. 40 ഓളം പേരുമായി സഞ്ചരിച്ച ബോട്ട് പെട്ടെന്നുണ്ടായ കാറ്റിൽപ്പെട്ട് ബോട്ട് മുങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അമിതഭാരമാണ് ബോട്ട് മുങ്ങാൻ കാരണമെന്നും സൂചനകളുണ്ട്.
സംസ്ഥാന ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തിൽപ്പെട്ട ബോട്ട്. ദുരന്ത നിവാരണസേനയുടെയും പോലീസിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
National
ന്യൂഡൽഹി: മധ്യപ്രദേശിലെ കൻഹ കടുവ സങ്കേതത്തിൽ അമ്മക്കടുവയും നാലു കുഞ്ഞുങ്ങളും ചത്തു. വൈറസ് രോഗബാധയാകാം കാരണമെന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
സർഹിയിലെ കടുവ സങ്കേതത്തിനുള്ളിൽ 10 വയസുള്ള ടി-141 എന്ന പെണ്കടുവയും ഒരു വയസുള്ള നാല് കുഞ്ഞുങ്ങളുമാണു ചത്തത്. ’കനൈൻ ഡിസ്റ്റെന്പർ വൈറസ്’ (സിഡിവി) എന്ന അണുബാധയാണു മരണകാരണമെന്ന് സംശയിക്കുന്നതായി ജഡം പരിശോധിച്ച ഡോക്ടർമാർ പറഞ്ഞു. സംഭവത്തെത്തുടർന്ന് കാട്ടിലെ മറ്റു കടുവകളെ നിരീക്ഷിക്കുന്നുണ്ട്.
നാലു ദിവസത്തിനിടെയാണ് മൂന്നു കടുവക്കുഞ്ഞുങ്ങളെ ചത്തനിലയിൽ കണ്ടെത്തിയത്. കടുത്ത ശ്വസന ബുദ്ധിമുട്ടിനെത്തുടർന്ന് അമ്മക്കടുവയെ ക്വാറന്റൈനിലേക്കു മാറ്റിയിരുന്നു.
എന്നാൽ ചികിത്സയ്ക്കിടെ ചത്തു. ശ്വാസകോശ സംബന്ധമായ തകരാറും ദഹനനാളത്തിലെ അണുബാധയുമാണ് കടുവയുടെയും കുഞ്ഞുങ്ങളുടെയും മരണകാരണമെന്നു കണ്ടെത്തിയതായി കൻഹ കടുവ സംരക്ഷണ കേന്ദ്രത്തിന്റെ ഡെപ്യൂട്ടി ഡയറക്ടർ പ്രകാശ് കുമാർ വർമ പറഞ്ഞു.
പ്രതിരോധനടപടികൾ സ്വീകരിച്ചുവരികയാണെന്ന് വനം അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കണ്സർവേറ്റർ എൽ. കൃഷ്ണമൂർത്തി പറഞ്ഞു. കടുവകളെ ചത്തനിലയിൽ കണ്ടത്തിയ പ്രദേശം അണുവിമുക്തമാക്കിയിട്ടുണ്ട്.
മുൻകരുതലായി സമീപ സ്രോതസുകളിൽനിന്നുള്ള ജലസാന്പിളുകൾ ശേഖരിക്കുന്നുണ്ട്. ശ്വാസകോശ അണുബാധയുടെ സാധ്യതയാണ് മൃഗഡോക്ടർമാർ വിലയിരുത്തിയത്.
സാംപിളുകൾ സ്ഥിരീകരണത്തിനായി അയച്ചിട്ടുണ്ട് കഴിഞ്ഞ 21 ന് ആദ്യത്തെ കടുവക്കുട്ടി ചത്തിരുന്നു. 24ന് രണ്ടാമത്തെ കുഞ്ഞിനെ അഴുകിയനിലയിൽ കണ്ടെത്തി.
25ന് മൂന്നാമത്തെ കുഞ്ഞിനെയും ചത്തനിലയിൽ കണ്ടെത്തി. പട്ടിണിയാണു മരണകാരണമെന്നായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞത്. അമ്മയില്ലാതെ കുഞ്ഞുങ്ങൾക്കു വേട്ടയാടാൻ കഴിയില്ലെന്ന് അവർ പറഞ്ഞു.
Kerala
ഭോപ്പാൽ: മധ്യപ്രദേശിൽ വിനോദസഞ്ചാര ബോട്ട് മുങ്ങി നാലുപേർ മരിച്ചു. ജബൽപുർ ജില്ലയിലെ ബാർഗി അണക്കെട്ടിലാണ് അപകടമുണ്ടായത്.
അണക്കെട്ടിൽ വിനോദസഞ്ചാരത്തിനെത്തിയ 31 അംഗസംഘമാണ് ബോട്ടിലുണ്ടായിരുന്നത്. 15 പേരെ രക്ഷപെടുത്തി.
അമിതഭാരമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് രക്ഷാപ്രവർത്തന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
പോലീസിന്റെയും ദുരന്തനിവാരണ സേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നത്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
National
ഭോപ്പാൽ : നിയന്ത്രണം വിട്ട പിക്അപ്പ് എസ്യുവിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ 15 പേർക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ ധാർ ജില്ലയിൽ ബുധനാഴ്ച രാത്രിയുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇൻഡോർ - അഹമ്മദാബാദ് ദേശീയ പാതയിൽ അമിത വേഗതയിലെത്തിയ പിക്അപ്പ് മറിഞ്ഞ് എസ്യുവിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകട സമയത്ത് 35 തൊഴിലാളികൾ പിക്അപ്പിലുണ്ടായിരുന്നു.
നിയന്ത്രണം വിട്ട പിക്അപ്പ് തലകീഴായി മറിഞ്ഞ് റോഡിന്റെ എതിർവശത്തേക്ക് തെന്നിമാറി എസ്യുവിയിൽ ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ എല്ലാവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും 15 പേരുടെ ജീവൻ രക്ഷിക്കാനായില്ല.
മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അപകടത്തെ തുടർന്ന് ഇൻഡോർ - അഹമ്മദാബാദ് ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്കുണ്ടായി.
Kerala
കൊച്ചി: കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ നിർണായക നീക്കവുമായി മധ്യപ്രദേശ് പോലീസ്. പെൺകുട്ടിയെ കണ്ടെത്തുന്നതിനും മൊഴി രേഖപ്പെടുത്താനുമായി മധ്യപ്രദേശ് പോലീസ് സംഘം വീണ്ടും കേരളത്തിലേക്ക് തിരിച്ചു.
നേരത്തെ പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് ഫർമാനെനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുത്തിരുന്നു. ഇതിന്റെ അന്വേഷണത്തിന്റെ ഭാഗമായി മധ്യപ്രദേശ് പോലീസ് കൊച്ചിയിലെത്തിയിരുന്നു.
അതേസമയം പട്ടികവർഗ കമ്മീഷൻ നിർദ്ദേശപ്രകാരം കേസിൽ പുതിയ വകുപ്പുകൾ ചേർക്കുമെന്നും പോലീസ് പറഞ്ഞു. പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ല എന്നാണ് പട്ടികവർഗ കമ്മീഷൻ നേരത്തെ വ്യക്തമാക്കിയത്. ഈ സാഹചര്യത്തിൽ വിവാഹത്തെ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നല്കാൻ പോലീസിന് നിർദ്ദേശം നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഇരുസംസ്ഥാനങ്ങളിലെയും ഉന്നത പോലീസ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം കമ്മീഷന് മുന്നില് ഹാജരായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താൻ കേരളത്തിൽ എത്തിയെങ്കിലും ഇതിന് സാധിച്ചില്ലെന്നും കൂടുതൽ അന്വേഷണം ആവശ്യമുണ്ടെന്നും മധ്യപ്രദേശ് പോലീസ് കമ്മീഷനെ അറിയിച്ചു.
National
ന്യൂഡൽഹി: ഒളിച്ചോടിയതായി ആരോപിച്ച് മധ്യപ്രദേശിലെ ജാബുവ ജില്ലയിൽ സ്ത്രീയുടെ തല മുണ്ഡനം ചെയ്ത് ഭർത്താവിനെ തോളിലേറ്റി നടത്തിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ച സംഭവത്തിന്റെ ദൃശ്യങ്ങളുടെയും മാധ്യമറിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരിക്കുന്നത്.
ഏപ്രിൽ 13ന് നടന്ന സംഭവത്തിന്റെ വിശദമായ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ നൽകണമെന്ന് ആവശ്യപ്പെട്ട് ജാബുവയിലെ ജില്ലാ മജിസ്ട്രേറ്റിനും പോലീസ് സൂപ്രണ്ടിനും മനുഷ്യാവകാശ കമ്മീഷൻ നോട്ടീസുകൾ നൽകിയിട്ടുണ്ട്.
രണ്ട് മക്കളുടെ അമ്മയായ മധ്യവയസ്കയായ സ്ത്രീയാണ് മധ്യപ്രദേശിലെ ജാബുവ ജില്ലയിലുള്ള അനധികൃത ആദിവാസി പഞ്ചായത്ത് വിധിച്ച ശിക്ഷയുടെ ഭാഗമായി തല മുണ്ഡനം ചെയ്യാനും ഭർത്താവിനെ തോളിലേറ്റി നടക്കാനും വിധിക്കപ്പെട്ടത്. ഇവരുടെ തല മുണ്ഡനം ചെയ്യുന്നതിന്റെയും ഭർത്താവിനെ തോളിലേറ്റി നടക്കുന്പോൾ ഈ സ്ത്രീ ’നിയമം’ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഗ്രാമവാസികൾ ഇവരെ വടി കൊണ്ട് തല്ലുന്നതിന്റെയും വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.
ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കപ്പെട്ടതിനു പിന്നാലെ പോലീസ് സ്ത്രീയെ കണ്ടെത്തുകയും അവർക്ക് സംരക്ഷണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
വാർത്താ റിപ്പോർട്ടുകളുടെ ഉള്ളടക്കം ശരിയാണെങ്കിൽ, ഇരകളുടെ മനുഷ്യാവകാശ ലംഘനങ്ങൾ സംബന്ധിച്ച ഗുരുതരമായ പ്രശ്നങ്ങൾ ഉയർന്നു വന്നിട്ടുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തതിനു ശേഷം നിരീക്ഷിച്ചു.
National
ഭോപ്പാൽ: മധ്യപ്രദേശിൽ വിവാഹഘോഷയാത്രയ്ക്കിടെ കുതിരപ്പുറത്ത് സഞ്ചരിച്ച ശാരീരിക വൈകല്യമുള്ള ദളിത് യുവാവിന് ക്രൂര മർദനം. ദാമോയിൽ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.
ഗോലു അഹിർവാർ(23)നാണ് മർദനമേറ്റത്. വിവാഹത്തിന് മുൻപായി നടത്തുന്ന ആചാരമായ രച്ച്വായ്ക്കിടെയാണ് സംഭവം.
കുതിരപ്പുറത്തിരുന്ന് വരൻ കുടുംബത്തോടൊപ്പം ഗ്രാമത്തിലൂടെ കടന്നുപോകുമ്പോൾ ചിലയാളുകൾ തടിച്ചുകൂടുകയും ഇവരെ തടയുകയുമായിരുന്നു. തുടർന്ന് വരൻ ഉൾപ്പടെയുള്ളവരെ ആക്രമിച്ചു.
ഗുഡ്ഡു സിംഗ്, കൃഷ്ണ, ഹകം, പാൽതു ലോധി എന്നിവർ തന്നെ കുതിരപ്പുറത്ത് നിന്നും ബലമായി വലിച്ചിറക്കി മർദിക്കുകയായിരുന്നുവെന്ന് ഗോലു പറഞ്ഞു.
"ഞങ്ങൾ മുന്നോട്ട് പോകുമ്പോൾ ഒരു വാഹനം കുറുകെ നിർത്തി അവർ ഞങ്ങളുടെ പാത തടഞ്ഞു. ഞങ്ങൾ അത് മാറ്റാൻ ആവശ്യപ്പെട്ടപ്പോൾ, അവർ ഞങ്ങളുടെ നേരെ പാഞ്ഞടുത്തു. അവർ ഗോലുവിനെ കുതിരപ്പുറത്ത് നിന്ന് തള്ളിയിടുകയും ഞങ്ങളെ മർദിക്കുകയും ചെയ്തു. നാല് പേർ ഞങ്ങളെ ആക്രമിച്ചു. ഇതുപോലുള്ള ഒരു ഘോഷയാത്ര ഞങ്ങളെപ്പോലുള്ളവർക്ക് വേണ്ടിയുള്ളതല്ലെന്ന് അവർ പറഞ്ഞു.'-ഗോലുവിന്റെ സഹോദരി പറഞ്ഞു.
ഗോലുവിന് ശാരീരിക വൈകല്യമുണ്ടെന്നും അക്രമികൾ അതൊന്നും ഗൗനിച്ചില്ലെന്നും മാതാവ് വിദ്യ അഹിർവാർ പറഞ്ഞു. "അവര് എന്റെ മകനെ കുതിരപ്പുറത്ത് നിന്ന് വലിച്ചിറക്കി നിഷ്കരുണം മര്ദ്ദിച്ചു. മകള് ഇടപെടാന് ശ്രമിച്ചപ്പോള് അവളെയും ആക്രമിച്ചു. ഇതിനിടെ മകളുടെ സ്വർണാഭരണങ്ങളും നഷ്ടമായി.'-വിദ്യ അഹിർവാർ വ്യക്തമാക്കി.
ആക്രമണത്തെത്തുടർന്ന്, വിവാഹ സംഘം ഹത്ത പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് ചെയ്തു. കൂടുതൽ സംഘർഷം ഉണ്ടാകുന്നത് തടയുന്നതിനും വിവാഹ ചടങ്ങുകൾ തടസ്സമില്ലാതെ നടക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുമായി ഗ്രാമത്തിൽ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
National
ഭോപ്പാൽ: മധ്യപ്രദേശിൽ കാർ ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. ബർവാനി ജില്ലയിൽ ചൊവ്വാഴ്ചയാണ് സംഭവം.
സച്ചിൻ വാസ്കലെ (25), പ്രദ്യുമ് സാഹ്തെ (25), ആകാശ് ദയാറാം (25), പപ്പു ഹിരാലാൽ (29), യശ്വന്ത് സുദാപിയ (30) എന്നിവരാണ് മരിച്ചത്.
ജൽഗൗൺ ഗ്രാമത്തിൽ നടന്ന വിവാഹചടങ്ങിൽ പങ്കെടുക്കാനെത്തിയവരാണ് കാറിലുണ്ടായിരുന്നത്. തിരിച്ചു പോകുമ്പോൾ, ഒരു ടോൾ ബാരിയറിന് സമീപം അവരുടെ കാർ ഒരു ട്രക്കുമായി കൂട്ടിയിടിച്ചു.
വാഹനത്തിലുണ്ടായിരുന്ന മൂന്നുപേർ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ട് പേർ ബർവാനിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചു.
പരിക്കേറ്റവർ ബർവാനിയിൽ ചികിത്സയിലാണെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.
National
ഭോപ്പാൽ: കൈയിൽ തോക്കുമായി ബൈക്ക് സ്റ്റണ്ട് നടത്തുന്നതിനിടെ സഹോദരങ്ങൾ ലോറിയിടിച്ചു മരിച്ചു. മധ്യപ്രദേശിലെ മൗഗഞ്ചിയിൽ നടന്ന സംഭവത്തിൽ സഹോദരങ്ങളായ ഉപലക്ഷ് കോൾ, അമ്രീഷ് കോൾ, ഹേമരാജ് കോൾ എന്നിവരാണ് മരിച്ചത്.
അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. മൂന്നു പേരും ഒരു ബൈക്കിലാണ് സഞ്ചരിച്ചിരുന്നത്. ഇതിൽ ഒരാളുടെ കൈയിൽ തോക്കും ഉണ്ടായിരുന്നു. മറ്റൊരു ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇവരുടെ സുഹൃത്തുക്കളാണ് യാത്ര ഫോണിൽ പകർത്തിയിരുന്നത്.
മൂവരും ബൈക്കിൽ സഞ്ചരിക്കുമ്പോൾ കാമറ നോക്കി കൈവീശുന്നതും തോക്ക് ഉയർത്തിക്കാണിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അമിതവേഗത്തിൽ മറ്റുവാഹനങ്ങളെ തെറ്റായ രീതിയിൽ മറികടന്നു മുന്നോട്ടു പോകുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് ലോറിക്കു പിന്നിൽ ഇടിക്കുകയായിരുന്നു.
Kerala
കൊച്ചി: കുംഭമേള വൈറല് പെണ്കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി എത്തിയ മധ്യപ്രദേശ് പോലീസ് കൊച്ചിയില് തുടരുന്നു. വ്യാഴാഴ്ച പോലീസ് പല സ്ഥലങ്ങളിലും പരിശോധന നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായിരുന്നില്ല.
മഹേശ്വര് സിഐ ഗണ്പത് കനയാലും ഒരു വനിതാ എസ്ഐയും ഉള്പ്പെടെ അഞ്ചു ഉദ്യോഗസ്ഥരാണ് തൃക്കാക്കര പോലീസ് സ്റ്റേഷനില് എത്തിയത്. ഭര്ത്താവ് ഫര്മാന് ഖാനെതിരെ പെണ്കുട്ടിയുടെ പിതാവിന്റെ പരാതിയില് മധ്യപ്രദേശ് പോലീസ് തട്ടിക്കൊണ്ടുപോകലിന് കേസ് രജിസ്റ്റര് ചെയ്തിരുന്നു. പോക്സോ കേസും ഫര്മാനെതിരെ രജിസ്റ്റര് ചെയ്തിട്ടുണ്ട്.
പെണ്കുട്ടിയും ഫര്മാനും കൊച്ചിയിലുണ്ട് എന്ന വിവരത്തെ തുടര്ന്നാണ് മധ്യപ്രദേശ് പോലീസ് കൊച്ചിയില് എത്തിയത്. കസ്റ്റഡിയിലെടുക്കേണ്ട സാഹചര്യമില്ലെന്നും പെൺകുട്ടിയിൽ നിന്ന് മൊഴിയെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മധ്യപ്രദേശ് പോലീസ് അറിയിച്ചു. ഫര്മാനെ മേയ് 20 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഫര്മാന് ഖാന്റെ സുഹൃത്തിനെ ചോദ്യം ചെയ്യാനായി മധ്യപ്രദേശ് പോലീസ് ശ്രമിച്ചെങ്കിലും സുഹൃത്ത് പോലീസിന് മുന്നില് ഹാജരായില്ല. മാര്ച്ച് 11ന് ആയിരുന്നു തിരുവനന്തപുരം പൂവാര് ക്ഷേത്രത്തില് വച്ച് പെണ്കുട്ടിയും ഫര്മാനുമായുള്ള വിവാഹം നടന്നത്. പെണ്കുട്ടിയുടെ പ്രായം 18 ആണെന്ന വാദത്തിലാണ് കേരള പോലീസ്.
ഇതിനിടെ, തന്നെ മധ്യപ്രദേശിലേക്ക് കൊണ്ടു പോകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് പോലീസ് സംരക്ഷണം തേടി പെണ്കുട്ടി മുഖ്യമന്ത്രിക്കും കൊച്ചി സിറ്റി പോലീസ് കമ്മിഷണര്ക്കും പരാതി നല്കിയിരുന്നു.
Kerala
കൊച്ചി: കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിനായി മധ്യപ്രദേശ് പോലീസ് കൊച്ചിയിൽ. തൃക്കാക്കര പോലീസ് സ്റ്റേഷനിലാണ് മധ്യപ്രദേശ് പോലീസ് എത്തിയത്. മഹേശ്വർ സിഐ ഗൺപത് കനയാലും ഒരു വനിതാ എസ്ഐയും ഉൾപ്പെടെ അഞ്ചു ഉദ്യോഗസ്ഥരാണ് കൊച്ചിയിലെത്തിയത്.
തന്റെ മകളെ തട്ടിക്കൊണ്ടുപോയി എന്ന പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ ഭർത്താവ് ഫർമാൻ ഖാനെതിരെ മധ്യപ്രദേശ് പോലീസ് കേസെടുത്തിരുന്നു. പെൺകുട്ടിയുടെ പ്രായം 16 വയസ് ആണ്, 18 വയസ് പൂർത്തിയായിട്ടില്ല എന്നാണ് മധ്യപ്രദേശ് പോലീസ് പറയുന്നത്.
ജനന സർട്ടിഫിക്കറ്റിൽ പ്രായം 16 വയസ് ആണ്. എന്നാൽ ആധാർ കാർഡിൽ 18 വയസ് പൂർത്തിയായി എന്ന് കാണിച്ച് വിവാഹം നടത്തിയത് എന്നാണ് മധ്യപ്രദേശ് പോലീസ് പറയുന്നത്. അതേസമയം, ഭർത്താവ് ഫർമാൻ ഖാനെ മെയ് 20 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
മാർച്ച് 11ന് ആയിരുന്നു തിരുവനന്തപുരം പൂവാർ ക്ഷേത്രത്തിൽ വച്ച് പെൺകുട്ടിയും ഫർമാനുമായുള്ള വിവാഹം നടന്നത്. പെൺകുട്ടിയുടെ പ്രായം 18 ആണെന്ന വാദത്തിലാണ് കേരള പോലീസ്. 2025 ജൂണിൽ ലഭ്യമായ ജനന സർട്ടിഫിക്കറ്റ് പ്രകാരം പെൺകുട്ടിക്ക് 18 വയസ് തിക ഞ്ഞിരുന്നു. ഇത് ഉപയോഗിച്ചാണ് ആധാർ കാർഡും പാൻ കാർഡും എടുത്തത്.
വിവാഹത്തിനായി ആധാർ കാർഡ് ആണ് പെൺകുട്ടി സമർപ്പിച്ചത്. എന്നാൽ മധ്യപ്രദേശിലെ ആശുപത്രി രേഖയിൽ 2009 ഡിസംബർ 30ന് ആണ് പെൺകുട്ടി ജനിച്ചത്. ഇത് വ്യാജമായി തയാറാക്കാൻ ശ്രമം നടന്നെന്ന സംശയത്തിലാണ് കേരള പോലീസ്.
National
ഭോപ്പാൽ: മധ്യപ്രദേശിൽ അപകടത്തിൽ ഗുരുതര പരിക്കേറ്റ മാധ്യമപ്രവർത്തകൻ ചികിത്സയ്ക്കിടെ മരിച്ചു. "സ്വർൺ മംഗളം' മാസികയുടെ എഡിറ്ററായ ദീപക് സോണി ആണ് മരിച്ചത്.
റെയ്സണിൽ ഒരു കാർഷിക മേളയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ ദീപക്കിന് പരിക്കേറ്റിരുന്നു.
അപകടം നടന്നയുടനെ ദീപക് സോണിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. മികച്ച ചികിത്സയ്ക്കായി ഭോപ്പാലിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിച്ചു. എന്നാൽ മണിക്കൂറുകളോളം കാത്ത് നിന്നിട്ടും ആംബുലൻസ് ലഭ്യമായില്ല. പിന്നീട് സ്വകാര്യ വാഹനത്തിലാണ് ദീപക്കിനെ ആശുപത്രിയിലെത്തിച്ചത്.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, മുഖ്യമന്ത്രി മോഹൻ യാദവ് എന്നിവരുൾപ്പെടെ മുതിർന്ന രാഷ്ട്രീയ നേതാക്കൾ പങ്കെടുത്ത കാർഷിക പരിപാടിയുമായി ബന്ധപ്പെട്ട വിഐപി ഡ്യൂട്ടികൾക്കായി ജില്ലാ ആശുപത്രിയിലെ ആംബുലൻസുകൾ വിന്യസിച്ചിരുന്നുവെന്നും ഇതുകാരണമാണ് തങ്ങൾക്ക് ആംബുലൻസ് ലഭ്യമാകാതിരുന്നതെന്നും ദീപക്കിന്റെ കുടുംബം ആരോപിച്ചു.
എല്ലാ ആംബുലൻസുകളും വിഐപി ഡ്യൂട്ടിക്കായി വിന്യസിച്ചുവെന്നും ബദൽ സംവിധാനം ഏർപ്പെടുത്താൻ കഴിയില്ലെന്നും സിവിൽ സർജൻ യശ്പാൽ ബലിയാൻ സമ്മതിച്ചതായി റിപ്പോർട്ടുണ്ട്. സംഭവത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
റെയ്സണിലെ മാധ്യമപ്രവർത്തകർ കളക്ടർ മുഖേന മുഖ്യമന്ത്രിക്ക് പരാതി നൽകി. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.
National
മുംബൈ: ബിഹാറിൽ നിന്നും മഹാരാഷ്ട്രയിലേക്ക് ബാലവേലയ്ക്ക് കടത്തിയ പ്രായപൂർത്തിയാകാത്ത 163 കുട്ടികളെ രക്ഷപെടുത്തി. എല്ലാവരും ആൺകുട്ടികളാണ്. മധ്യപ്രദേശിലെ കട്നി ജില്ലയിൽ നിന്നുമാണ് ഇവരെ എത്തിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആറ് മുതൽ 13 വയസ് വരെ പ്രായമുള്ള കുട്ടികളെ വിദ്യാഭ്യാസത്തിനായി ലാത്തൂരിലെ മദ്രസയിലേക്ക് കൊണ്ടുവരികയായിരുന്നുവെന്ന് അറസ്റ്റിലായവർ പോലീസിന് മൊഴി നൽകി.
ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ നിന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും (ആർപിഎഫ്) ഗവൺമെന്റ് റെയിൽവേ പോലീസും (ജിആർപി) സംയുക്തമായി നടത്തിയ പരിശോധനയിലാണ് ടിക്കറ്റും മതിയായ രേഖകളുമില്ലാതെ പാറ്റ്ന-പൂർണ എക്സ്പ്രസിൽ യാത്ര ചെയ്ത കുട്ടികളെ കട്നി റെയിൽവേ സ്റ്റേഷനിൽ വച്ച് രക്ഷപെടുത്തിയത്.
കുട്ടികളെ ബിഹാറിലെ അരാരിയ മേഖലയിൽ നിന്ന് മഹാരാഷ്ട്രയിലെ ലാത്തൂരിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് ആർപിഎഫ് കട്നി ഇൻസ്പെക്ടർ വീരേന്ദ്ര സിംഗ് പറഞ്ഞു.
ബിഹാറിലെ വിവിധ ജില്ലകളിൽ നിന്നുള്ള എട്ട് പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 143(4) (പതിനെട്ട് വയസിന് താഴെയുള്ള കുട്ടികളെ കടത്തൽ) പ്രകാരം ജിആർപി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സിംഗ് പറഞ്ഞു.
കുട്ടികളെ ലാത്തൂരിലേക്ക് ജോലിക്കായി കൊണ്ടുപോകുകയായിരുന്നെന്നാണ് പ്രാഥമിക അന്വേഷണത്തിൽ നിന്ന് വ്യക്തമായതെന്നും ജിആർപി കേസ് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
National
ഇൻഡോർ: മധ്യപ്രദേശിൽ രണ്ടര വയസുകാരൻ കുഴൽകിണറിൽ വീണു. ഉജ്ജൈൻ ജില്ലയിലാണ് സംഭവം. കുട്ടി വയലിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം.
ബഡ്നഗർ തെഹ്സിലിനു കീഴിലുള്ള ജലാരിയ ഗ്രാമത്തിൽ രാത്രി എട്ടോടെയാണ് സംഭവം. രാജസ്ഥാനിലെ പാലിയിൽ നിന്ന് മൂന്ന് ദിവസം മുമ്പ് കുടുംബത്തോടൊപ്പം പ്രദേശത്തെത്തിയ പ്രവീൺ ദേവസിയുടെ മകൻ ഭാഗീരഥ് എന്ന കുട്ടിയാണ് അപകടത്തിൽപ്പെട്ടത്.
വിവരം ലഭിച്ചതിനെത്തുടർന്ന് ബദ്നഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ അശോക് പട്ടീദാറിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കുഴൽക്കിണറിലേക്ക് പൈപ്പ് വഴി ഓക്സിജൻ പമ്പ് ചെയ്യുന്നുണ്ടെന്നും രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ഉപകരണങ്ങളുമായി സംസ്ഥാന ദുരന്ത നിവാരണ സേനയുടെ (എസ്ഡിആർഎഫ്) ഒരു സംഘം സ്ഥലത്തെത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Kerala
ഭോപ്പാൽ: മധ്യപ്രദേശിലെ ശിവപുരിയിൽ പൂട്ടിയിട്ടിരുന്ന വീട്ടിൽ അതിക്രമിച്ച് കയറി എൽപിജി സിലിണ്ടർ ഉൾപ്പടെയുള്ള വസ്തുക്കൾ മോഷ്ടിച്ച് കള്ളൻ. വാർഡ് നമ്പർ 10 ലെ കൃഷ്ണപുരം കോളനിയിലെ നീതു രജാവത്തിന്റെ വസതിയിലാണ് നടന്നത്.
സ്ഥലത്ത് ഇല്ലാതിരുന്ന രജാവത് വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്. ഗ്യാസ് സിലിണ്ടറിനൊപ്പം സ്വർണം, വെള്ളി, പണം, പ്രധാന രേഖകൾ എന്നിവയും നഷ്ടപ്പെട്ടു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വീട്ടിൽ അതിക്രമിച്ചു കയറിയയാൾ ഗ്യാസ് സിലിണ്ടർ തോളിൽ ചുമന്ന് വീട്ടിൽ നിന്നും പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കോട്വാലി പോലീസ് പ്രതിയെ തിരിച്ചറിഞ്ഞ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കണ്ണൂർ: വീട്ടിൽ കയറി വയോധികയെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്ന കേസിലെ രണ്ടു പ്രതികൾ 10 വർഷത്തിനുശേഷം അറസ്റ്റിൽ. ഇരിക്കൂർ സിദ്ദിഖ് നഗറിലെ പരേതനായ നിട്ടൂര് മൊയ്തീന്റെ ഭാര്യ സബീന മന്സിലില് കുഞ്ഞാമിന കൊല്ലപ്പെട്ട കേസിലാണ് മധ്യപ്രദേശ് ഉജ്ജയിൻ സ്വദേശിനികളായ പർവീൺ ബാനു (55), മകൾ സക്കീന ഫാത്തിമ (32) എന്നിവരെ കണ്ണൂർ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പർവീൺ ബാനുവിന്റെ മകൻ അബാസ് അലിയെ ഇനി പിടികൂടാനുണ്ട്.
കണ്ണൂർ ക്രൈം ബ്രാഞ്ച് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം എസ്പി എ. ബാലകൃഷ്ണൻ നായർ, ഡിവൈഎസ്പി സുധീർ കല്ലൻ, സബ് ഇൻസ്പെക്ടർമാരായ അബ്ദുൾ റൗഫ്, ഗിരീഷ്, സുധീഷ്, എഎസ്ഐ മഞ്ജുള എന്നിവരുടെ നേതൃത്വത്തിലാണ് ഉജ്ജയിനിൽനിന്ന് പ്രതികളെ പിടികൂടിയത്. കണ്ണൂരിൽ എത്തിച്ച പ്രതികളെ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങും.
►ഏഴ് ഭാഷകൾ സംസാരിക്കും, മാറിമാറി സഞ്ചാരം◄
തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഗുജറാത്തി. ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ഏഴു ഭാഷകൾ സംസാരിക്കുന്ന പ്രതികൾ കണ്ണൂരിന് പുറമെ കാസർഗോഡ്, വയനാട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലും തെലുങ്കാന, ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട്, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഡൽഹി സംസ്ഥാനങ്ങളിൽ മാറി മാറി താമസിച്ചു പോലീസിന് പിടികൊടുക്കാതെ 10 വർഷമായി ഒളിവിൽ കഴിയുകയായിരുന്നു.
ഹൈദരാബാദ് മേൽവിലാസത്തിൽ സൗമ്യ രംഗാവാല, സമീറ രംഗാവാല എന്നീ വ്യാജപേരുകളായിരുന്നു ഒളിവിൽ കഴിയാൻ ഉപയോഗിച്ചിരുന്നത്.
►കുഞ്ഞാമിന കൊല്ലപ്പെട്ടത് കവർച്ചയ്ക്കിടെ◄
2016 ഏപ്രിൽ 30നാണ് ഇരിക്കൂർ സിദ്ദീഖ് നഗർ സ്വദേശിനി കുഞ്ഞാമിന കവര്ച്ചയ്ക്കിടെ അതിദാരുണമായി കൊല്ലപ്പെടുന്നത്. കുഞ്ഞാമിനയുടെ വീട്ടുപറമ്പിലെ വാടക വീട്ടിൽ വസ്ത്രവ്യാപാരികൾ എന്ന പേരിൽ താമസിച്ച രണ്ടു സ്ത്രീകളും ഒരു പുരുഷനുമാണ് കൊലപാതകം നടത്തിയതെന്ന് പ്രാഥമികാന്വേഷണത്തിൽ ഇരിക്കൂർ പോലീസിന് മനസിലായിരുന്നു. വയറിലും ശരീരത്തിന്റെ വിവിധഭാഗങ്ങളിലായി 19 കുത്തുകളേറ്റിരുന്നു. കുഞ്ഞാമിനയുടെ ദേഹത്തുണ്ടായിരുന്ന പത്തു പവനോളം സ്വര്ണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു.
ആന്ധ്രാപ്രദേശിലെ ഓംഗോൾ പോലീസ് സ്റ്റേഷനിൽ സമാന കുറ്റകൃത്യം ചെയ്ത പ്രതികൾ അവിടെനിന്ന് ജാമ്യത്തിലിറങ്ങി മുങ്ങി കേരളത്തിലേക്കു കടക്കുകയായിരുന്നു. പ്രതികൾ വ്യാജരേഖകൾ നൽകിയാണ് ക്വാർട്ടേഴ്സ് വാടകയ്ക്ക് എടുത്തത്. തുടർന്ന് ഇവർ കുഞ്ഞാമിനയുമായി സൗഹൃദത്തിലായി. എന്നാൽ, കുഞ്ഞാമിനയുടെ കൊലപാതകത്തിനുശേഷം ഇവർ ഏത് സംസ്ഥാനക്കാരാണെന്നുപോലും പോലീസിന് വ്യക്തമായിരുന്നില്ല.
►വർഷങ്ങളുടെ അന്വേഷണം◄
ആദ്യനാളുകളില് കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡിന്റെ സഹായത്തോടെ പതിനാലു സംസ്ഥാനങ്ങളില് പോലീസ് പ്രതികള്ക്കായി തെരച്ചില് നടത്തിയിരുന്നെങ്കിലും കണ്ടെത്താന് കഴിഞ്ഞിരുന്നില്ല. കൊലപാതകം നടത്തിയശേഷം മൂവർസംഘം അന്ന് രാവിലെ ഒന്പതരയ്ക്ക് ക്വാര്ട്ടേഴ്സ് ഒഴിഞ്ഞുപോയിരുന്നതായി പ്രാഥമിക അന്വേഷണത്തില് തന്നെ പോലീസിന് വ്യക്തമായിരുന്നു. രാവിലെ എട്ടിനും ഒന്പതരയ്ക്കുമിടയിലാണ് കൊലപാതകം നടന്നതെന്ന് പോസ്റ്റുമോര്ട്ടം റിപ്പോര്ട്ടിലും സ്ഥിരീകരിച്ചിരുന്നു. കൊലനടന്ന ദിവസം ഇരിക്കൂറില്നിന്ന് ഓട്ടോറിക്ഷയില് രാവിലെ 10.45ന് എത്തിയ സംഘം ഇവിടെ പ്രകാശ് ജംഗ്ഷനില് നില്ക്കുന്ന സിസിടിവി ദൃശ്യങ്ങളും കണ്ടെത്തിയിരുന്നു.
കൊലപാതകത്തിനു ശേഷം സംഘം മഹാരാഷ്ട്രയിലേക്ക് പോയെന്നായിരുന്നു ഇവരുടെ മൊബൈല് നമ്പര് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില് പോലീസിന് വ്യക്തമായത്. തുടര്ന്ന് ഗുജറാത്തിലെ സൂറത്തിലുമെത്തി. ഇവിടെനിന്നു രാജസ്ഥാനിലെ അജ്മീറിലെത്തിയവർ 21 മുതല് വീണ്ടും റായ്ഗുഡിലെ ഹോട്ടലില് താമസിച്ചിരുന്നു. എന്നാല്, ഇതിനുശേഷം എങ്ങോട്ടുപോയെന്ന് വ്യക്തമായ വിവരമൊന്നും പോലീസിന് ലഭിച്ചിരുന്നില്ല.
►സാങ്കേതികവിദ്യയിലൂടെ പ്രതികളിലേക്ക്◄
ദേശീയ ക്രൈം റിക്കാര്ഡ്സ് ബ്യൂറോയ്ക്ക് ഉള്പ്പെടെ പ്രതികളെ കുറിച്ചുള്ള വിവരങ്ങള് കൈമാറിയെങ്കിലും കാര്യമായ അന്വേഷണ പുരോഗതിയുണ്ടായില്ല. വര്ഷങ്ങള് കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന് കഴിയായതോടെ നാട്ടുകാരും ആക്ഷന് കമ്മിറ്റിയും പ്രക്ഷോഭമാരംഭിക്കുകയും ഇരിക്കൂർ പോലീസ് സ്റ്റേഷനിൽ 2016 ൽ രജിസ്റ്റർ ചെയ്ത കേസ് 2024ൽ അന്തർ സംസ്ഥാന ബന്ധമുള്ള പ്രതികളെ പിടികൂടാൻ സംസ്ഥാന ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു.
ക്രൈംബ്രാഞ്ച് ഈ കേസ് ഏറ്റെടുത്തപ്പോൾ തന്നെ അന്വേഷണത്തിനായി എഐ അടക്കമുള്ള സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു. ഡൽഹി കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ടത്തിൽ അന്വേഷണം. പ്രതികളുടെ ആധാർകാർഡ്, ബാങ്ക് വിവരങ്ങൾ എന്നിവ സംഘത്തിന് ലഭിച്ചു. പിന്നീട്, ഇൻസ്റ്റഗ്രാം ഉൾപ്പെടയുള്ള സോഷ്യൽമീഡിയ വഴിയാണ് പ്രതികളിലേക്കെത്തിയത്.
National
കട്നി: മധ്യപ്രദേശിൽ കൽക്കരിയുമായി പോയ ട്രെയിൻ പാളം തെറ്റി. ഇന്നലെ ബിലാസ്പുരിൽനിന്നു വെസ്റ്റ് ബറോഡയിലേക്ക് പോയ ട്രെയിനിന്റെ ആറു ബോഗികളാണ് ന്യൂ കട്നി ജംഗ്ഷനു സമീപം പാളം തെറ്റിയത്.
അപകടത്തെത്തുടർന്ന് നാലു ട്രെയിനുകൾ വഴി തിരിച്ചുവിടുകയും രണ്ട് ട്രെയിനുകൾ റദ്ദാക്കുകയും ചെയ്തു.
National
ഭോപ്പാൽ: മധ്യപ്രദേശിൽ 10-ാംക്ലാസ് വിദ്യാർഥിയെ സഹപാഠികൾ കുത്തിക്കൊന്നു. ദാമോ നഗരത്തിലെ മലയ്യ മില്ലിന് സമീപമുള്ള ഓജസ്വിനി സ്കൂളിലാണ് സംഭവം.
ഋഷി അഹിർവാർ എന്ന വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്. പരീക്ഷയ്ക്ക് ശേഷം ഹാളിൽ നിന്നും പുറത്തിറങ്ങിയ ഋഷിയെ ഒരുസംഘം വിദ്യാർഥികൾ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.
ഇതിനിടെ കത്തികൊണ്ടുള്ള കുത്തേറ്റാണ് ഋഷി കൊല്ലപ്പെട്ടത്. വിദ്യാർഥികൾക്കിടെയിൽ നിലനിന്നിരുന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
നേരത്തെ, പരീക്ഷയിലെ ചോദ്യങ്ങളുടെ ഉത്തരം പറഞ്ഞുനൽകണമെന്ന് ചില വിദ്യാർഥികൾ ഋഷിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഋഷി ഇതിന് വിസമ്മതിച്ചതോടെ ഫെബ്രുവരി 27 നും മാർച്ച് രണ്ടിനും ഋഷിയും സഹപാഠികളും തമ്മിൽ ഇതേചൊല്ലി വഴക്കുണ്ടായി.
അവസാന പരീക്ഷയുടെ ദിവസം പ്രതികാരം ചെയ്യുമെന്ന് സഹപാഠികൾ ഋഷിയെ ഭീഷണിപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം പരീക്ഷ കഴിഞ്ഞ് സ്കൂളിൽ നിന്നും പുറത്തിങ്ങിയ ഋഷിയെ കാത്തിരുന്ന സഹപാഠികൾ വളഞ്ഞിട്ട് ആക്രമിക്കുകയും കത്തികൊണ്ട് കുത്തുകയും ചെയ്തു.
ഗുരുതരാവസ്ഥയിൽ ഋഷിയെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്തം നഷ്ടപ്പെട്ട് മരണം സംഭവിച്ചിരുന്നു. ഋഷിക്ക് വിളർച്ച ഉണ്ടായിരുന്നുവെന്നും ഡോക്ടർ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് നിരവധി വിദ്യാർഥികളെ ചോദ്യം ചെയ്തുവെന്നും കൃത്യത്തിൽ ഉൾപ്പെട്ട എട്ട് വിദ്യാർഥികളെ തിരിച്ചറിഞ്ഞെന്നും പോലീസ് പറഞ്ഞു. ഇവർക്കെതിരെ കേസെടുത്തു.
National
ഉദയനഗര് (മധ്യപ്രദേശ്): വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ 31-ാം ചരമവാര്ഷിക അനുസ്മരണം ഉദയനഗറിലെ വാഴ്ത്തപ്പെട്ട റാണി മരിയ പള്ളിയില് നടന്നു.
ജാബുവ ബിഷപ് ഡോ. പീറ്റര് ഖരാഡിയുടെ മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധ കുര്ബാനയോടെയാണ് ചടങ്ങുകള്ക്ക് തുടക്കം കുറിച്ചത്.
ആര്ച്ച്ബിഷപ് മാര് സെബാസ്റ്റ്യന് വടക്കേല്, ആര്ച്ച്ബിഷപ് ഡോ. ലിയോ കൊര്ണേലിയോ, ഇന്ഡോര്, ഗ്വാളിയോര്, ജാബുവ എന്നിവിടങ്ങളിലെ ബിഷപ്പുമാര്, 50 വൈദികര് എന്നിവര് സഹകാര്മികരായി.
വടക്കേ ഇന്ത്യയിലുടനീളമുള്ള നിരവധി കന്യാസ്ത്രീകളും തീര്ഥാടകരും സന്നിഹിതരായിരുന്നു.
ഫ്രാന്സിസ്കന് ക്ലാരിസ്റ്റ് സഭയുടെ സുപ്പീരിയര് ജനറല് മദര് ലിറ്റി സന്ദേശം നല്കി. വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയെക്കുറിച്ച് സിസ്റ്റര് ജെസി തോമസ് കാറാച്ചിറ എഴുതിയ ‘ദ സോഷ്യൽ വിറ്റ്നസ് ഓഫ് എ മാർട്ടയർ; ദ കളക്ടഡ് റൈറ്റിംഗ് ഓഫ് ബ്ലസ്ഡ് റാണി മരിയ’ എന്ന പുസ്തകത്തിന്റെ അവതരണവും പ്രകാശനവും ബിഷപ് ഡോ. തോമസ് മാത്യു നിര്വഹിച്ചു.
National
ഭോപ്പാൽ: മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിൽ അമിത വേഗതയിലെത്തിയ ബസ് വാനിലേക്ക് ഇടിച്ചുകയറി അഞ്ച് പേർ മരിച്ചു. ആറുപേർക്ക് പരിക്കേറ്റു.
ഗൊഹാദ് ചൗരാഹ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ചിംക ഗ്രാമത്തിന് സമീപം നാഷണൽ ഹൈവേ 719ലാണ് അപകടം നടന്നതെന്ന് എസ്എച്ച്ഒ മനീഷ് ധാക്കഡ് പറഞ്ഞു.
ഭരത് ശർമ, അതുൽ ശിവാരെ, ജഗദീഷ് ബദൗരിയ, പ്രദീപ് പ്രജാപതി, ആനന്ദ് ബദൗരിയ എന്നിവരാണ് മരിച്ചത്. കേതു ശർമ (10), സന്തോഷ് ശർമ (37), മേവാരം ബദൗരിയ (61), രാംലഖൻ (59), മീര (30), സുഖ്വീർ ശർമ (50) എന്നിവർക്കാണ് പരിക്കേറ്റത്.
ബസ് വാനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വാനിലുണ്ടായിരുന്ന നാല് പേർ സംഭവസ്ഥലത്ത് വച്ചും ഒരാൾ ആശുപത്രിയിൽ വച്ചും മരിച്ചു. പരിക്കേറ്റ ആറ് പേരെയും വിദഗ്ധ ചികിത്സയ്ക്കായി ഗ്വാളിയോറിലേക്ക് മാറ്റി.
ഗ്വാളിയോറിൽ നിന്ന് ഭിന്ദിലേക്ക് പോവുകയായിരുന്നു വാനിലുണ്ടായിരുന്നവർ. ഒരു വിവാഹ ചടങ്ങിൽ പോയി മടങ്ങിവന്ന ബസിൽ ആളുകൾ ഉണ്ടായിരുന്നില്ല.
National
ഗ്വാളിയർ: മധ്യപ്രദേശിൽ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും എഴുപതുകാരി മരിച്ചു.
ഗ്വാളിയർ ജില്ലയിലെ ദാബ്ര പട്ടണത്തിലെ നവഗ്രഹ് ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. കലശ യാത്രയ്ക്കായി രാവില ഒട്ടേറെ സ്ത്രീകൾ ക്ഷേത്രത്തിലെത്തിയിരുന്നു.
കലശ വിതരണത്തിനിടെയാണ് തിക്കും തിരക്കുമുണ്ടായത്. പരിക്കേറ്റവരിൽ ആറു സ്ത്രീകളും ഒരു പെൺകുട്ടിയും ഉൾപ്പെടുന്നു. ഇവരെ ഗ്വാളിയറിലെയും ദാബ്രയിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
Kerala
ഭോപ്പാൽ: മധ്യപ്രദേശിൽ ബിജെപി കൗൺസിലറുടെ മൂന്നാം ഭാര്യയെ ആദ്യ ബന്ധത്തിലെ മകൻ കുത്തിക്കൊന്നു. മന്ദ്സൗർ മുനിസിപ്പൽ കൗൺസിലർ ഷാഹിദ് മിയോയുടെ മൂന്നാമത്തെ ഭാര്യ റുബീന ആണ് കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. ഷാഹിദ് മിയോയുടെ ആദ്യ ഭാര്യയിലെ മകൻ സാഹിൽ ആണ് പ്രതി. പിതാവ് മൂന്നാമതും വിവാഹം കഴിച്ചതിൽ സാഹിൽ കുപിതനായിരുന്നു. മാസങ്ങളായി റുബീനയോട് കടുത്ത പക പുലർത്തിയിരുന്ന സാഹിൽ ഒടുവിൽ കൃത്യം നടപ്പാക്കുകയായിരുന്നു.
കോട്വാലി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള അഭിനന്ദൻ നഗറിൽ വൈകുന്നേരം 5:30 ഓടെയാണ് സംഭവം നടന്നത്. മദർപുരയിലുള്ള മാതാപിതാക്കളുടെ അടുക്കൽനിന്നും ഓട്ടോറിക്ഷയിൽ വന്നിറങ്ങുമ്പോൾ ബൈക്കിലെത്തിയ സാഹിൽ ഇവരുടെ വയറ്റിലും നെഞ്ചിലും തലയിലും കത്തികൊണ്ട് കുത്തുകയായിരുന്നു. മറ്റൊരാളും സാഹിലിനൊപ്പമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതികൾ സ്ഥലത്ത് നിന്നും ഓടിപ്പോയി.
ഗുരുതരമായി പരിക്കേറ്റ റുബീനയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണംസംഭവിച്ചിരുന്നു. സംഭവത്തിന് പിന്നാൽ സാഹിൽ ആണെന്ന് ആർക്കും മനസിലായിരുന്നില്ല.
എന്നാൽ, ചുറ്റുമുള്ള പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും സാങ്കേതിക തെളിവുകളും പോലീസിനെ സാഹിലിലേക്ക് എത്തിച്ചു. ഇയാളെ അറസ്റ്റ് ചെയ്ത് നടത്തിയ ചോദ്യം ചെയ്യലിൽ പിതാവിന്റെ പുനർവിവാഹത്തോടുള്ള എതിർപ്പാണ് കൊലനടത്താൻ കാരണമായതെന്ന് സാഹിൽ പോലീസിനോടു പറഞ്ഞു.
സാഹിലിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് സോഹിലിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇരുവർക്കുമെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.
National
ഭോപ്പാൽ: ഇന്ത്യയുടെ ചീറ്റ പുനരധിവാസ പദ്ധതിക്കു കരുത്തേകി എട്ട് ചീറ്റകൾ കൂടി മധ്യപ്രദേശിലെത്തുന്നു. ഈമാസം 28ന് ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിൽ നിന്നാണ് ഇവയെ എത്തിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി മധ്യപ്രദേശ് മുഖ്യമന്ത്രിയും കേന്ദ്ര പരിസ്ഥിതിമന്ത്രിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച അന്തിമ തീരുമാനമായത്. ചീറ്റകൾക്ക് പുറമെ, ആസാമിൽനിന്ന് കാട്ടുപോത്തുകളെ എത്തിക്കാനുള്ള നടപടികൾക്കും മധ്യപ്രദേശ് സർക്കാർ കേന്ദ്രത്തിന്റെ സഹായം തേടിയിട്ടുണ്ട്.
ഇന്ത്യയിൽ വംശനാശം സംഭവിച്ച ചീറ്റകളുടെ എണ്ണം വർധിപ്പിക്കുകയും ജനിതക വൈവിധ്യം ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ചീറ്റകളെ ഇന്ത്യയിലെത്തിക്കുന്നത്. നിലവിൽ ഇന്ത്യയിൽ 30 ചീറ്റകളാണുള്ളത്. ഇതിൽ 19 എണ്ണം ഇന്ത്യയിൽ തന്നെ ജനിച്ചവയാണ്. ഇന്ത്യയിൽ ജനിച്ച ആദ്യ ചീറ്റയായ മുഖി അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത് പദ്ധതിയുടെ വലിയ വിജയമായി വിലയിരുത്തപ്പെടുന്നു.
കടുവകൾക്കും ചീറ്റകൾക്കും പേരുകേട്ട കുനോ നാഷണൽ പാർക്കിന് പുറമെ, ഗാന്ധി സാഗർ വന്യജീവി സങ്കേതവും ചീറ്റകളുടെ അടുത്ത കേന്ദ്രമായി വികസിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
പുതിയ അതിഥികളെ സ്വീകരിക്കുന്നതിനായി ക്വാറന്റെൻ സൗകര്യങ്ങളും നിരീക്ഷണ സംവിധാനങ്ങളും വനംവകുപ്പ് ഇതിനോടകം സജ്ജമാക്കിയിട്ടുണ്ട്. 2022-ൽ നമീബിയയിൽനിന്നും ദക്ഷിണാഫ്രിക്കയിൽനിന്നും എത്തിയ ചീറ്റകൾക്ക് പിന്നാലെയാണ് ഇപ്പോൾ ബോട്സ്വാനയിൽനിന്നും ചീറ്റകളെ എത്തിക്കുന്നത്.
National
ഭോപ്പാൽ: മധ്യപ്രദേശിൽ ഒന്നാം ക്ലാസ് വിദ്യാർഥിയെ ലൈംഗീകമായി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. ടിക്കംഗഡ് ജില്ലയിലെ സർക്കാർ സ്കൂളിലെ അധ്യാപകനാണ് പിടിയിലായത്.
വ്യാഴാഴ്ച രാവിലെ സ്കൂളിലെത്തിയ വിദ്യാർഥിയോട് അധ്യാപകൻ മോശമായി പെരുമാറി. വീട്ടിലെത്തിയ കുട്ടി ഇതേക്കുറിച്ച് മാതാപിതാക്കളോടു പറഞ്ഞു. ഇവരും കുറച്ച് ഗ്രാമവാസികളും പലേര പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
പോക്സോ, ഭാരതീയ ന്യായ് സാഹിത (ബിഎൻഎസ്) എന്നിവയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അധ്യാപകനെ അറസറ്റ് ചെയ്തു. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ മലിനജലം കുടിച്ച് നിരവധി പേർ മരിച്ച സംഭവത്തിൽ അന്വേഷണത്തിനായി മധ്യപ്രദേശ് ഹൈക്കോടതി സ്വതന്ത്ര ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചു. സർക്കാർ സമർപ്പിച്ച റിപ്പോർട്ടുകളിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി, സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് നിഷ്പക്ഷമായ അന്വേഷണം അനിവാര്യമാണെന്ന് നിരീക്ഷിച്ചു.
സംസ്ഥാന സർക്കാർ നേരത്തെ രൂപീകരിച്ച സമിതിയിൽ വിശ്വാസമില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണ് ഹൈക്കോടതി നേരിട്ട് ഒരു ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചത്. മരണകാരണം, ഉദ്യോഗസ്ഥരുടെ വീഴ്ചകൾ, ഉത്തരവാദിത്തം എന്നിവ ഈ കമ്മീഷൻ പരിശോധിക്കും.
ജലവിതരണ പൈപ്പ് ലൈൻ ടെൻഡറുകൾ, മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ടുകൾ തുടങ്ങിയ പ്രധാനപ്പെട്ട രേഖകൾ ജില്ലാ ഭരണകൂടം സുരക്ഷിതമായി സൂക്ഷിക്കണമെന്ന് കോടതി ഉത്തരവിട്ടു. തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്ന ഹർജിക്കാരുടെ ആശങ്ക പരിഗണിച്ചാണിത്.
മരണസംഖ്യയെച്ചൊല്ലി വലിയ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. സർക്കാർ കണക്കുകൾ പ്രകാരം ഏഴ് മരണങ്ങൾ മാത്രമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാൽ മെഡിക്കൽ കോളേജ് നടത്തിയ ഓഡിറ്റ് പ്രകാരം 15 മരണങ്ങളും, പ്രദേശവാസികളുടെ കണക്കനുസരിച്ച് 25-ഓളം മരണങ്ങളും നടന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഭഗീരഥ്പുര മേഖലയിലെ ഒരു പൊതുശൗചാലയത്തിൽ നിന്നുള്ള മലിനജലം കുടിവെള്ള പൈപ്പുമായി കലർന്നതാണ് ദുരന്തത്തിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വെള്ളത്തിൽ അതിമാരകമായ 'ഇ കോളൈ' ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തുടർച്ചയായി തിരഞ്ഞെടുക്കപ്പെടുന്ന ഇൻഡോറിൽ ഇത്രയും മാരകമായ രീതിയിൽ മലിനീകരണം ഉണ്ടായത് എങ്ങനെയാണെന്ന് കോടതി ചോദിച്ചു. കുടിവെള്ള പൈപ്പും മലിനജല പൈപ്പും ഒരേപോലെ പോകുന്നത് നഗരങ്ങളിലെ ഗുരുതരമായ അടിസ്ഥാന സൗകര്യ വീഴ്ചയാണെന്നും കോടതി വിമർശിച്ചു.
ഈ സംഭവത്തെത്തുടർന്ന് ഇൻഡോർ മുൻസിപ്പൽ കമ്മീഷണറെ സർക്കാർ നേരത്തെ മാറ്റിയിരുന്നു. കേസിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി ചീഫ് സെക്രട്ടറിയോട് ഓൺലൈനായി ഹാജരാകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെമ്പാടും കുടിവെള്ള സുരക്ഷ ഉറപ്പാക്കാൻ 'സ്വച്ഛ് ജൽ അഭിയാൻ' എന്ന പേരിൽ പുതിയ ക്യാമ്പയിനും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
Kerala
ഇൻഡോർ: മധ്യപ്രദേശിൽ മലിന ജലം കുടിച്ച ഒമ്പത് പേരെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇൻഡോർ ജില്ലയിലെ മൊഹൗവിലാണ് സംഭവം. ആരുടെയും നില ഗുരുതരമല്ല. പാറ്റി ബസാർ, ചന്ദർ മാർഗ് എന്നീ പ്രദേശങ്ങളിൽ ജലജന്യ രോഗങ്ങൾ റിപ്പോർട്ട് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഇൻഡോർ കളക്ടർ ശിവം വർമ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളെ സന്ദർശിക്കുകയും ദുരിതബാധിത മേഖലയിലെ ജനങ്ങളുമായി ചർച്ച നടത്തുകയും ചെയ്തു. രോഗികൾക്ക് ഫലപ്രദമായ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പിന് കളക്ടർ നിർദേശം നൽകി. പ്രദേശത്തെ വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാനും ശുചിത്വം പാലിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ മാസം ഇൻഡോറിലെ ഭാഗിരഥ്പുര മേഖലയിൽ മലിന ജലം കുടിച്ച നിരവധി പേർക്ക് അസുഖം ബാധിക്കുകയും മരണം രേഖപ്പെടുത്തുകയും ചെയ്തിരുന്നു
National
ന്യൂഡൽഹി: കേണൽ സോഫിയ ഖുറേഷിക്കെതിരേ വിവാദ പരാമർശം നടത്തിയ ബിജെപി മന്ത്രി കുൻവർ വിജയ് ഷായുടെ വിചാരണയ്ക്ക് അനുമതി നൽകുന്നതു സംബന്ധിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കാൻ മധ്യപ്രദേശ് സർക്കാരിന് സുപ്രീംകോടതി നിർദേശം.
അദ്ദേഹത്തിനെതിരേ കുറ്റവിചാരണയ്ക്ക് അനുമതി നൽകണമെന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്ഐടി) അപേക്ഷയിൽ മധ്യപ്രദേശ് സർക്കാർ കാലതാമസം വരുത്തിയതായി ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ദീപാങ്കർ ദത്ത, ജോയ്മല്യ ബാഗ്ജി എന്നിവരുടെ ബെഞ്ച് കണ്ടെത്തി.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 19 മുതൽ എസ്ഐടിയുടെ റിപ്പോർട്ടിൽ മധ്യപ്രദേശ് സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു.
National
ന്യൂഡൽഹി: ഭരണകക്ഷിയായ ബിജെപിയെ പ്രതിരോധത്തിലാക്കി മധ്യപ്രദേശിൽ 26 ടണ്ണോളം ഗോമാംസം പിടിച്ചെടുത്തു.
തലസ്ഥാന നഗരിയായ ഭോപ്പാലിൽനിന്ന് സംസ്കൃതി ബച്ചാവോ മഞ്ച്, ഹിന്ദു ഉത്സവ് സമിതി തുടങ്ങിയ ഹിന്ദുത്വ സംഘടനകളാണ് കടത്താൻ ശ്രമിച്ച ഒരു ട്രക്ക് ഗോമാംസം കണ്ടെടുത്തത്.
സംസ്ഥാനസർക്കാരും മുനിസിപ്പൽ കോർപറേഷനും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ബിജെപി ഭരിക്കുന്നതിനാൽ പാർട്ടിയുടെ പ്രതിബദ്ധതയും അത് നടപ്പാക്കുന്നതും തമ്മിലുള്ള അന്തരമാണ് സംഭവം തുറന്നുകാട്ടുന്നതെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി.
ഭോപ്പാൽ മുനിസിപ്പൽ കോർപറേഷന്റെ നേതൃത്വത്തിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടത്തുന്ന അറവുശാലയിൽനിന്നുള്ള മാംസമാണു പിടിച്ചെടുത്തത്. എരുമകളെ കശാപ്പ് ചെയ്യുന്നതിനുള്ള ലൈസൻസ് മാത്രമായിരുന്നു അറവുശാലയ്ക്കുണ്ടായിരുന്നത്. പശുക്കളെ അറക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നില്ല. ബജ്രംഗ്ദൾ ഉൾപ്പെടെയുള്ള ഹിന്ദുത്വസംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി വിഷയം വിവാദമായതോടെ അറവുശാല മുനിസിപ്പൽ കോർപറേഷൻ സീൽ ചെയ്തു പൂട്ടി.
പിടിച്ചെടുത്ത മാംസം പോത്തിന്റേതാണെന്ന് കോർപറേഷൻ അധികൃതർ ആദ്യം വാദിച്ചെങ്കിലും മഥുരയിലെ വെറ്ററിനറി കോളജ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ പശുവിറച്ചി തന്നെയാണെന്നു കണ്ടെത്തി. മാംസം മഹാരാഷ്ട്രയിലെത്തിച്ച് അവിടെനിന്നു ചെന്നൈ വഴി യുഎഇയിലേക്ക് കയറ്റുമതി ചെയ്യാനുള്ള ശ്രമമായിരുന്നുവെന്നും നാളുകൾക്കുമുന്പേ പശു ഇറച്ചി കടത്ത് ആരംഭിച്ചിരുന്നുവെന്നുമുള്ള ആരോപണമുയരുന്നുണ്ട്.
ഗോവധവും ഗോമാംസം കടത്തലും ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരുമായി ബിജെപിയും സംസ്ഥാനസർക്കാരും കൈകോർത്തുവെന്നാണ് ആരോപണം.
Sports
ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയിൽ സെമിയിൽ കടന്ന് പഞ്ചാബ്. ഇന്ന് നടന്ന മത്സരത്തിൽ മധ്യപ്രദേശിനെ 183 റൺസിന് തകർത്താണ് പഞ്ചാബ് സെമിയിലെത്തിയത്.
പഞ്ചാബ് ഉയർത്തിയ 346 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മധ്യപ്രദേശ് 31.2 ഓവറിൽ 162 റൺസിൽ ഓൾഓട്ടായി. 38 റൺസുമായി രജത്ത് പാട്ടീദാറും 31 റൺസുമായി ത്രിപുരേഷ് സിംഗും പൊരുതിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല. ശുഭം ശർമ 24 റൺസെടുത്തു.
പഞ്ചാബിന് വേണ്ടി സൻവീർ സിംഗ് മൂന്ന് വിക്കറ്റെടുത്തു. ക്രിഷ് ഭഗത്തും രമൺദീപ് സിംഗും ഗുർണൂർ ബ്രാറും രണ്ട് വിക്കറ്റ് വീതവും മായങ്ക് മർകൻഡെ ഒരു വിക്കറ്റും വീഴ്ത്തി.
ആദ്യ ബാറ്റ് ചെയ്ത പഞ്ചാബ് 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 345 റൺസെടുത്തത്. പ്രഭ്സിമ്രാൻ സിംഗ്,അൻമോൽപ്രീത് സിംഗ്, ഹർനൂർ സിംഗ്, നെഹാൽ വദേര എന്നിവരുടെ അർധ സെഞ്ചുറികളുടെ മികവിലാണ് കൂറ്റർ സ്കോർ പടുത്തുയർത്തിയത്.
88 റൺസെടുത്ത പ്രഭ്സിമ്രാനാണ് പഞ്ചാബിന്റെ ടോപ്സ്കോറർ. അൻമോൽപ്രീത് സിംഗ് 70 റൺസെടുത്തു. നെഹാൽ വദേര 56 റൺസും ഹർനൂർ സിംഗ് 51 റൺസും സ്കോർ ചെയ്തു.
മധ്യപ്രദേശിന് വേണ്ടി ത്രിപുരേഷ് സിംഗും വെങ്കടേഷ് അയ്യരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കുൽദീപ് സെനും ആര്യൻ പാണ്ഡെയും ഓരോ വിക്കറ്റ് വീതമെടുത്തു. പ്രഭ്സിമ്രാൻ സിംഗാണ് മത്സരത്തിലെ താരം.
National
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ മാലിന്യംകലർന്ന കുടിവെള്ളം മൂന്നുപേരുടെ ജീവനെടുത്തു. ഏതാനുംദിവസങ്ങൾക്കുള്ളിൽ നൂറിലേറെ ആളുകൾ ആശുപത്രിയിലാവുകയും ചെയ്തു. നാല് സ്ത്രീകൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചുവെന്നാണു പ്രദേശവാസികൾ പറയുന്നത്.
ക്രിസ്മസ്ദിനത്തിൽ വിതരണം ചെയ്ത കുടിവെള്ളത്തിനു അസാധാരണഗന്ധം ഉണ്ടായിരുന്നതായി കൗൺസിലർ പറഞ്ഞു. വെള്ളം കുടിച്ച പലരം രോഗംബാധിച്ച് ആശുപത്രിയിലാവുകയും ചെയ്തു.
അതിസാരം വ്യാപിക്കുന്നുവെന്ന റിപ്പോർട്ടിനെത്തുടർന്ന് പ്രദേശത്തെ 2.703 വീടുകളിൽ പരിശോധന നടത്തിയെന്ന് ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു. 12,000 ആളുകളെയും പരിശോധിച്ചു. ഇതിൽ 1,146 പേർ നേരിയ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു. 111 രോഗികളാണ് ആശുപത്രിയിലായതെന്നും അദ്ദേഹം പറഞ്ഞു.
Sports
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില് മധ്യപ്രദേശിനെതിരേ കേരളത്തിന് 215 റണ്സ് വിജയലക്ഷ്യം. അഹമ്മദാബാദില് ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ മധ്യപ്രദേശ് 46.1 ഓവറിൽ 214 റൺസിനു പുറത്തായി.
തകർച്ചയോടെ തുടങ്ങിയ മധ്യപ്രദേശ് ഹിമാന്ഷു മന്ത്രിയുടെ (105 പന്തില് 93) ഇന്നിംഗ്സ് കരുത്തിലാണ് ഭേദപ്പെട്ട സ്കോർ നേടിയത്. അതേസമയം, താരത്തെ കൂടാതെ, ഹർഷ് ഗവാലി (22), യഷ് ദുബെ (13), ആര്യൻ പാണ്ഡെ (15), ത്രിപുരേഷ് സിംഗ് (37) എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. കേരളത്തിന് വേണ്ടി അങ്കിത് ശര്മ നാലും ബാബാ അപരാജിത് മൂന്നും വിക്കറ്റ് വീഴ്ത്തി.
അതേസമയം, വിജയലക്ഷ്യം പിന്തുടരുന്ന കേരളത്തിന്റെ തുടക്കവും തകർച്ചയോടെയാണ്. 59 റൺസെടുക്കുന്നതിനിടെ നാലുവിക്കറ്റുകൾ നഷ്ടമായി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 23 ഓവറിൽ നാലിന് 80 റൺസെന്ന നിലയിലാണ് കേരളം.
21 റൺസുമായി സൽമാൻ നിസാറും 11 റൺസുമായി മുഹമ്മദ് അസ്ഹറുദ്ദീനുമാണ് ക്രീസിൽ. രോഹൻ എസ്. കുന്നുമ്മൽ (19), കൃഷ്ണ പ്രസാദ് (നാല്), അങ്കിത് ശർമ (14), ബാബാ അപരാജിത് (ഒമ്പത്) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിനു നഷ്ടമായത്. തുടര്ച്ചയായ മൂന്നാം മത്സരത്തിലും സഞ്ജു സാംസണ് ഇല്ലാതെയാണ് കേരളം ഇറങ്ങിയത്.
മധ്യപ്രദേശിനു വേണ്ടി സാരാൻഷ് ജെയിൻ രണ്ടും ആര്യൻ പാണ്ഡെ, കുമാർ കാർത്തികേയ സിംഗ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
National
ഭോപ്പാൽ: മധ്യപ്രദേശ് കോൺഗ്രസ് വക്താവ് മുകേഷ് നായക് പാർട്ടിയിൽനിന്ന് രാജിവച്ചു.
പുതിയ നേതൃത്വത്തെ കണ്ടെത്താനുള്ള ടാലന്റ് ഹണ്ട് പുരോഗമിക്കുന്നതിനിടെ പരിപാടിക്കു നേതൃത്വം നൽകിയ നേതാവ് രാജിവച്ചത് സംഘടനയെ പ്രതിരോധത്തിലാഴ്ത്തിയിരിക്കുകയാണ്.
രാജി സ്വീകരിക്കാൻ സംസ്ഥാന അധ്യക്ഷൻ ജിതു പട്വാരി തയ്യാറായിട്ടില്ല. പാർട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാമെന്ന നിലപാടാണ് അധ്യക്ഷന്റേതെന്നു പറയപ്പെടുന്നു.
National
ഭോപ്പാൽ: മധ്യപ്രദേശിൽ വോട്ടർപട്ടിക തീവ്രപരിഷ്കരണത്തിന്റെ ഭാഗമായുള്ള ആദ്യ കരട് പട്ടികയിൽ 42.74 ലക്ഷം വോട്ടർമാർ പുറത്ത്. ആകെ 5,74,06,143 വോട്ടർമാരിൽ 5,31,31,983 പേരാണ് എന്യുമറേഷൻ ഫോം പൂരിപ്പിച്ചു നൽകിയതെന്ന് മധ്യപ്രദേശ് ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജീവ് കുമാർ ഝാ അറിയിച്ചു.
42,74,160 വോട്ടർമാരാണ് ഫോം പൂരിപ്പിച്ച് നൽകാത്തത്. ഇതിൽ 8.46 ലക്ഷം വോട്ടർമാർ മരണമടഞ്ഞതാണ്. 31.51 ലക്ഷം വോട്ടർമാരാകട്ടെ താമസം മാറിയവരാണ്. 2.77 ലക്ഷം വോട്ടർമാർക്ക് രണ്ടിടത്ത് വോട്ടർപട്ടികയിൽ പേരുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
National
ഭോപ്പാൽ: മധ്യപ്രദേശിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് അന്ധയായ യുവതിയെ പോലീസിന് മുന്നിൽവച്ച് മർദിച്ച് ബിജെപി നേതാവ്. ജബൽപൂർ ബിജെപി വൈസ് പ്രസിഡന്റായ അഞ്ജു ഭാർഗവയാണ് അതിക്രമം നടത്തിയത്.
മധ്യപ്രദേശിലെ ജബൽപൂരിലെ ക്രിസ്ത്യൻ ആരാധനാലയത്തിൽവച്ചാണ് സംഭവം. യുവതിയുടെ കൈ പിടിച്ച് തിരിച്ചും മുഖത്ത് കുത്തിപ്പിടിച്ചും ബിജെപി നേതാവ് തട്ടിക്കയറുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
ഈ ജന്മത്തിൽ അവർ അന്ധയാണ്, അടുത്ത ജന്മത്തിലും അവർ അന്ധയായി തന്നെ തുടരുമെന്നും അഞ്ജു ഭാർഗവ അധിക്ഷേപിച്ചു.
ഡിസംബർ 20 ന് ജബൽപൂരിലെ ഗോരഖ്പുർ പ്രദേശത്തെ ഒരു പള്ളിയിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് നിരവധി ഹിന്ദു സംഘടനാ പ്രവർത്തകർ ഒത്തുകൂടിയിരുന്നു. കാഴ്ച വൈകല്യമുള്ള വിദ്യാർഥികളെ മതപരിവർത്തനത്തിനായി പള്ളിയിലേക്ക് കൊണ്ടുവരികയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ഇത് ഇരുവിഭാഗങ്ങളും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലിലിന് കാരണമായി.
Viral
മധ്യപ്രദേശിലെ സർക്കാർ ആശുപത്രികൾ നവജാതശിശുക്കൾക്കും രോഗികൾക്കും ഒട്ടും സുരക്ഷിതമല്ലെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
സത്ന ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ എലികൾ സ്വൈര്യവിഹാരം നടത്തുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
മാസങ്ങൾക്ക് മുമ്പ് ഇൻഡോറിലെ മഹാരാജ യശ്വന്ത്റാവു ആശുപത്രിയിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ എലിയുടെ കടിയേറ്റ് ദാരുണമായി മരിച്ച സംഭവം നിലനിൽക്കെയാണ് സമാനമായ സുരക്ഷാ വീഴ്ചകൾ ജബൽപൂരിലും സത്നയിലും ആവർത്തിക്കുന്നത്.
രോഗികൾ കിടക്കുന്ന കട്ടിലുകളിൽ വരെ എലികൾ കയറിയിറങ്ങുന്ന കാഴ്ച ആരോഗ്യരംഗത്തെ തകർച്ചയെയാണ് സൂചിപ്പിക്കുന്നത്. അതീവ ശുചിത്വം പാലിക്കേണ്ട നവജാതശിശു വാർഡുകളിൽ പോലും എലികൾ താവളമാക്കുന്നത് ഭരണകൂടത്തിന്റെ അനാസ്ഥയാണെന്ന് പൊതുജനങ്ങൾ ആരോപിക്കുന്നു.
സംസ്ഥാനം 'എലികളുടെ തലസ്ഥാനം' ആയി മാറുന്നു എന്ന പരിഹാസവുമായി പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. സാധാരണക്കാരുടെ മക്കൾ ചികിത്സ തേടുന്ന വാർഡുകളിൽ ഇത്തരം ക്രൂരതകൾ അനുവദിക്കുന്ന അധികാരികൾ സ്വന്തം കുടുംബാംഗങ്ങളെ ഈ സാഹചര്യത്തിൽ ചികിത്സിക്കാൻ തയ്യാറാകുമോ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
ജനങ്ങളുടെ ജീവന് വില കൽപ്പിക്കാത്ത ഇത്തരം നടപടികൾ ജനാധിപത്യത്തിന് നാണക്കേടാണെന്ന് പ്രതിപക്ഷ അംഗങ്ങൾ കുറ്റപ്പെടുത്തുന്നു. ഈ സംഭവങ്ങളിൽ ഹൈക്കോടതി ഇടപെടുകയും സർക്കാരിനോടും ആരോഗ്യവകുപ്പിനോടും അടിയന്തരമായി വിശദീകരണം തേടുകയും ചെയ്തിരിക്കുകയാണ്.
National
ഭോപ്പാൽ: മധ്യപ്രദേശിലെ ഖജുരാഹോയിൽ റിസോർട്ടിലുണ്ടായ ഭക്ഷ്യവിഷബാധയെ തുടർന്ന് മൂന്ന് പേർ മരിച്ചു. റിസോർട്ടിലെ ജീവനക്കാരാണ് മരിച്ചത്.
അഞ്ച് പേർ ഗുരുതരാവസ്ഥാവയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഗ്വാളിയോറിലെ ജാ ആശുപത്രിയിലാണ് ഇവർ ചികിത്സയിലുള്ളത്. ഒരാളെ കാണാതായി.
ഖജുരാഹോയിലെ ഗൗതം റിസോർട്ടിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയിലെ അത്താഴത്തിന് ശേഷമാണ് ജീവനക്കാർക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായത്. പിന്നീത് ഭക്ഷ്യവിഷബാധയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
റിസോർട്ട് ജീവനക്കാരെ ആദ്യം ഖജുരാഹോയിലെ ഹെൽത്ത് സെന്ററിലാണ് പ്രവേശിപ്പിച്ചത്. എന്നാൽ സ്ഥിതി വഷളായതോടെ എല്ലാവരെയും ഗ്വാളിയോറിലെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.
National
ഭോപ്പാൽ: മധ്യപ്രദേശിൽ കഞ്ചാവ് കടത്ത് കേസിൽ മന്ത്രിയുടെ സഹോദരൻ അറസ്റ്റിൽ. മന്ത്രി പ്രതിമ ബാഗ്രിയുടെ സഹോദരൻ അനിൽ ബാഗ്രി ആണ് അറസ്റ്റിലായത്. ഇയാളുടെ അനുയായി പങ്കജ് സിംഗും പിടിയിലായി.
അനിൽ ബാഗ്രി, പങ്കജ് സിംഗ് എന്നിവരിൽ നിന്ന് 46 കിലോ കഞ്ചാവ് പോലീസ് കണ്ടെടുത്തു. സത്നയിലെ മറൗൺഹ ഗ്രാമത്തിലെ പങ്കജിന്റെ വസതിയിൽ നെല്ല് ചാക്കുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
പിടിച്ചെടുത്ത കഞ്ചാവിന് 9.22 ലക്ഷം രൂപ വിലമതിക്കും. കള്ളക്കടത്തിന് ഉപയോഗിച്ച വാഹനം മറ്റൊരു പ്രതിയായ ശൈലേന്ദ്ര സിംഗ് രജാവത്തിന്റേതാണെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം, പ്രതിമ ബാഗ്രിയുടെ സഹോദരീഭർത്താവായ ശൈലേന്ദ്ര സിംഗ്, ഉത്തർപ്രദേശിലെ ബന്ദയിൽ 10.5 കിലോഗ്രാം കഞ്ചാവുമായി പിടിയിലായിരുന്നു. മറ്റൊരു എൻഡിപിഎസ് കേസിൽ ശൈലേന്ദ്ര ബന്ദ ജയിലിലാണ്. ഇയാളെ 5.5 കോടി രൂപയുടെ ലഹരി മരുന്ന് കടത്തിയതിന് സത്നയിൽ നിന്ന് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
National
ഭോപ്പാല്: മധ്യപ്രദേശിൽ മണ്ണ് നീക്കുന്നതിനിടെ ജെസിബിക്കടിയില്പ്പെട്ട് പരിക്കേറ്റ മൂർഖൻ പാമ്പിന് അത്ഭുത രക്ഷപ്പെടല്.
ഉജ്ജയിനിലെ വിക്രം നഗര് വ്യവസായ മേഖലയില് നിര്മാണ പ്രവര്ത്തനത്തിനായി മണ്ണ് എടുക്കുന്നതിനിടെയാണ് സംഭവം. രണ്ട് മണിക്കൂര് നീണ്ട ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ പാമ്പിന് 80 തുന്നല് ഇട്ടു.
ജെസിബിയുടെ മുന്ഭാഗം പാമ്പിന് മേല് പതിക്കുകയും സാരമായി പരിക്കേല്ക്കുകയും ചെയ്തു. നാട്ടുകാര് ആദ്യം പാമ്പിന് മേല് മണ്ണ് വാരിയിട്ടെങ്കിലും, പിന്നീട് പ്രദേശത്തെ പാമ്പ് പിടുത്തക്കാരായ രാഹുലിനെയും മുകുളിനെയും വിളിച്ചുവരുത്തി.
ഇരുവരും സ്ഥലത്തെത്തി പരിക്കേറ്റ മൂര്ഖനെ സുരക്ഷിതമായി രക്ഷപ്പെടുത്തി സമീപത്തെ മൃഗാശുപത്രിയില് എത്തിച്ചു.
പാമ്പിന്റെ തലയിലും ഉടലിലും സാരമായ മുറിവുകള് കണ്ടെത്തി. ഉടന് തന്നെ പാമ്പിനെ ശസ്ത്രക്രിയക്ക് വിധേയമാക്കി. രണ്ടുമണിക്കൂര് നേരമെടുത്താണ് പാമ്പിന്റെ ത്വക്കും പേശികളും തുന്നിച്ചേര്ത്തത്.
പാമ്പിന് 80 തുന്നലുകള് ഇട്ടതായി ഡോക്ടര്മാര് പറഞ്ഞു. പാമ്പിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും രണ്ടുദിവസത്തിനകം കാട്ടിലേക്ക് തുറന്നുവിടുമെന്നും ഡോക്ടര്മാര് പറഞ്ഞു.
National
മന്ദ്സോർ: മധ്യപ്രദേശിൽ ഉള്ളിയുടെ പ്രതീകാത്മക സംസ്കാര ചടങ്ങുകൾ നടത്തി കർഷകർ. മധ്യപ്രദേശിലെ മന്ദ്സോർ ജില്ലയിലെ ഉള്ളി കർഷകരാണ് ഉള്ളി വില ക്രമാധീതമായി കുറഞ്ഞതിന് പിന്നാലെ പ്രതിഷേധമായി പ്രതീകാത്മക സംസ്കാര ചടങ്ങുകൾ നടത്തിയത്.
ഉത്പാദന ചെലവ് പോലും ലഭിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളതെന്ന് കർഷകർ പറയുന്നു. ഗ്രാമത്തിലെ ശ്മശാനത്തിന് സമീപം ബാൻഡ് വാദ്യങ്ങളോടെ പൂക്കൾകൊണ്ട് അലങ്കരിച്ച ശവപ്പെട്ടിയിലായിരുന്നു സംസ്കാര ചടങ്ങുകൾ.
കർഷകർക്ക് കിലോഗ്രാമിന് ഒരു രൂപ മുതൽ പത്ത് രൂപ വരെയാണ് നിലവിൽ ലഭിക്കുന്ന ഉയർന്ന വില. എന്നാൽ കൂടുതൽ പേർക്കും ഒരു രൂപ മുതൽ രണ്ട് രൂപ വരെയാണ് ലഭിക്കുന്നതെന്നും കർഷകർ വ്യക്തമാക്കി. ഉള്ളിക്ക് കയറ്റുമതി തീരുവ 25 ശതമാനമായി ഉയർത്തിയതും കർഷകർക്ക് തിരിച്ചടിയായിട്ടുണ്ട്.
മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നിലവിലെ കൃഷി മന്ത്രിയാണെങ്കിലും, തീരുവ സംബന്ധിച്ച് നിരവധി നിവേദനങ്ങൾ നൽകിയിട്ടും കയറ്റുമതി തീരുവ കുറയ്ക്കാൻ തയാറായിട്ടില്ലെന്നും കർഷകർ കൂട്ടിച്ചേർത്തു. സർക്കാർ താങ്ങുവില നൽകി ഉള്ളി വാങ്ങണമെന്നാണ് കർഷകരുടെ ആവശ്യം.
National
ഭോപ്പാൽ: മധ്യപ്രദേശിൽ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്ഐആർ) ജോലിക്കിടെ സർക്കാർ ജീവനക്കാർക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം.
സൈലാന നിയമസഭാ മണ്ഡലത്തിലാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ നായിബ് തഹസിൽദാർ രാംകലേഷ് സാകേത്, ബൂത്ത് ലെവൽ ഓഫീസർ വിക്രം സിംഗ് റാത്തോഡ് എന്നിവർക്ക് പരിക്കേറ്റു. രണ്ട് ഉദ്യോഗസ്ഥരെയും ചികിത്സയ്ക്കായി രത്ലം മെഡിക്കൽ കോളജിലേക്ക് മാറ്റി.
എസ്ഐആറുമായി ബന്ധപ്പെട്ട പരിശോധനാ ജോലികൾക്കായി രത്ലാമിനടുത്തുള്ള ജുൽവാനിയയിൽ എത്തിയപ്പോൾ മദ്യപിച്ച് മോട്ടോർ സൈക്കിളിൽ എത്തിയ മൂന്ന് പേർ ജീവനക്കാർക്ക് നേരെ പ്രകോപനമില്ലാതെ കല്ലെറിയുകയായിരുന്നു.
റാത്തോഡിന്റെ കൈയ്ക്കും വയറിനും പരിക്കേറ്റു. അക്രമികൾ ഉമർ ഗ്രാമത്തിലെ താമസക്കാരാണെന്ന് തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. ഇവരിൽ രണ്ടുപേരായ സയ്സിംഗ് (28), ബാപി താഡ് (55) എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്നാമനായ ഷോക്സിംഗ് (31) ഒളിവിലാണ്. മൂവർക്കുമെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
Sports
ഇൻഡോർ: രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരേ മധ്യപ്രദേശിന് ബാറ്റിംഗ് തകർച്ച. കേരളം ഉയർത്തിയ 404 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റ് ചെയ്യുന്ന സന്ദർശകർ ഒടുവിൽ വിവരം ലഭിക്കുമ്പോൾ അഞ്ചിന് 78 റൺസെന്ന നിലയിലാണ്. രണ്ടുറൺസുമായി ഋഷഭ് ചൗഹാനും റണ്ണൊന്നുമെടുക്കാതെ സാരാൻഷ് ജെയ്നുമാണ് ക്രീസിൽ.
ഹർഷ് ഗവാലി (പൂജ്യം), യഷ് ദുബെ (19), ഹിമാൻഷു മന്ത്രി (26), ഹർപ്രീത് സിംഗ് ഭാട്യ (13), നായകൻ ശുഭം ശർമ (18) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.
29 റൺസ് മാത്രം വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ ശ്രീഹരി എസ്. നായരാണ് മധ്യപ്രദേശ് ബാറ്റിംഗ് നിരയുടെ ചിറകരിഞ്ഞത്.
Sports
ഇന്ഡോര്: രഞ്ജി ട്രോഫിയില് കേരളത്തിനെതിരേ മധ്യപ്രദേശിന് 404 റൺസ് വിജയലക്ഷ്യം. നാലാംദിനം അഞ്ചിന് 314 റൺസെന്ന നിലയിൽ കേരളം രണ്ടാമിന്നിംഗ്സ് ഡിക്ലയർ ചെയ്തു. ആദ്യ ഇന്നിംഗ്സിലെ ലീഡിന്റെ കൂടി ബലത്തിലാണ് അവസാനദിനം കൂറ്റൻ വിജയലക്ഷ്യം കേരളം മുന്നോട്ടുവച്ചത്.
സച്ചിന് ബേബിയുടെയും (പുറത്താകാതെ 122), ബാബാ അപരാജിതിന്റെയും (105 റിട്ടയേര്ഡ് ഹര്ട്ട്) സെഞ്ചുറി കരുത്തിലാണ് കേരളം മികച്ച സ്കോറിലെത്തിയത്. അഹമ്മദ് ഇമ്രാൻ (24), അഭിജിത് പ്രവീൺ (11) എന്നിവരുടെ വിക്കറ്റുകളാണ് അവസാനദിനം കേരളത്തിനു നഷ്ടമായത്.
കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 281നെതിരെ മധ്യപ്രദേശ് 192ന് എല്ലാവരും പുറത്താവുകയായിരുന്നു.
Sports
ഇന്ഡോര്: രഞ്ജി ട്രോഫി എലൈറ്റ് പോരാട്ടത്തിൽ മധ്യപ്രദേശിനെതിരെ കേരളത്തിന് 89 റണ്സിന്റെ നിർണായക ഒന്നാം ഇന്നിംഗ്സ് ലീഡ്. ഇന്ഡോറില് കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 281 പിന്തുടർന്ന് ബാറ്റ് ചെയ്ത മധ്യപ്രദേശ് 192ന് പുറത്താകുകയായിരുന്നു. 67 റണ്സ് നേടിയ സാരാൻഷ് ജെയ്നാണ് മധ്യപ്രദേശിന്റെ ടോപ് സ്കോറര്.
ഇന്ഡോര്, ഹോള്ക്കര് സ്റ്റേഡിയത്തില് ആറിന് 155 എന്ന നിലയിൽ മൂന്നാംദിനം ബാറ്റിംഗ് പുനരാരംഭിച്ച മധ്യപ്രദേശിന് 37 റണ്സിനിടെ ശേഷിക്കുന്ന നാലു വിക്കറ്റുകളും നഷ്ടമായി. ആര്യന് പാണ്ഡെ (36), മുഹമ്മദ് അര്ഷദ് ഖാന് (0), കുമാര് കാര്ത്തികേയ സിംഗ് (ഏഴ്), സാരാൻഷ് ജെയ്ൻ (67) എന്നിവരാണ് പുറത്തായത്. റണ്ണൊന്നുമെടുക്കാതെ കുല്ദീപ് സെന് പുറത്താവാതെ നിന്നു.
കേരളത്തിനു വേണ്ടി 55 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ഏദന് ആപ്പിള് ടോം, മൂന്നു വിക്കറ്റ് വീഴ്ത്തിയ എം.ഡി. നിധീഷ് എന്നിവരാണ് മധ്യപ്രദേശിനെ തകര്ത്തത്. അഭിജിത് പ്രവീൺ, ശ്രീഹരി എസ്. നായർ, ബാബാ അപരാജിത് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
അതേസമയം, രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഏഴ് റണ്സെടുത്ത രോഹന് കുന്നുമ്മലാണ് മടങ്ങിയത്. ഒടുവില് വിവരം ലഭിക്കുമ്പോള് ഒന്നിന് 27 റൺസെന്ന നിലയിലാണ് കേരളം. അഭിഷേക് നായര് (ആറ്), സച്ചിന് ബേബി (അഞ്ച്) എന്നിവരാണ് ക്രീസിൽ.